ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിടുന്ന ടീം ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. 7 പന്തിൽ 6 റൺസ് എടുത്ത രാഹുലിന്റെയും 4 പന്തിൽ റൺ ഒന്നും എടുക്കാതെ കോഹ്‌ലിയുടെയും വിക്കറ്റാണ് 3 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത്. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. 41 പന്തിൽ 5 ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസ് നേടിയാണ് രോഹിത് പുറത്തായത്. രോഹിത് ഔട്ട് ആകുമ്പോൾ ഇന്ത്യ 12.2 ഓവറിൽ 110 റൺസ് എടുത്തിട്ടുണ്ട്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൻ ശനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. ലെഗ് സ്പിന്നർ രവി ബിഷ്‌നോയിക്ക് പകരം ഓഫ് സ്പിന്നർ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിൽ ഇടംപിടിച്ചു.
സൂപ്പർ ഫോർ ഘട്ടത്തിൽ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ് ഇത്. ഞായറാഴ്ച ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടിരുന്നു. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ശ്രീലങ്കയാകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് ഉള്ള ആദ്യ ചവിട്ടുപടിയിൽ കാൽ വച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയെ തോൽപ്പിച്ചാൽ അവർ ഏതാണ്ട് ഫൈനൽ ഉറപ്പിക്കും.
മത്സരത്തിൽ ഇന്ത്യൻ ഉപനായകൻ കെ എല്‍ രാഹുൽ പുറത്തായ തീരുമാനം വിവാദമായിരിക്കുകയാണ്. മഹീഷ് തീക്ഷണ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് വിക്കറ്റിന് മുന്നിൽ കുരുങ്ങി രാഹുൽ പുറത്തായത്. അമ്പയർ ഔട്ട് സിഗ്നൽ കൊടുത്തപാടെ രോഹിതിന്റെ നിർദേശം പോലും ചോദിക്കാതെ രാഹുൽ പെട്ടെന്ന് തന്നെ റിവ്യൂ നൽകുകയായിരുന്നു. അത്രയക്കും ഉറപ്പായിരുന്നു രാഹുലിന് പന്ത് തന്റെ ബാറ്റിൽ കൊണ്ടിട്ടുണ്ട് എന്ന്.
ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്നു ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ച രാഹുലിന്റെ ബൂട്ടിൽ നേരെ വന്നു പന്ത് പതിക്കുകയായിരുന്നു. എങ്കിലും റീപ്ലേകളിൽ പന്ത് ബാറ്റിലും ബൂട്ടിലും കൊള്ളുന്നത് ഏകദേശം ഒപ്പത്തിനൊപ്പം ആണെന്ന് തേർഡ് അമ്പയർ പറഞ്ഞു. ആദ്യം ബാറ്റിലാണ് കൊള്ളുന്നത് എന്ന് ഉറപ്പിക്കാൻ തക്ക തെളിവുകൾ ഇല്ലാ എന്നു പറഞ്ഞു അമ്പയരുടെ തീരുമാനം നിലനിൽക്കും എന്ന് തേർഡ് അമ്പയർ വിധിയെഴുതി.
കൂക്കിവിളികളോടെയാണ് ഇന്ത്യൻ ആരാധകർ ഈ തീരുമാനത്തേ ശ്രവിച്ചത്. അമ്പയർസ് കോളിൽ ലെഗ് സ്റ്റമ്പിന് തൊട്ട് അരികത്തു കൊള്ളും എന്നാണ് ബോൾ ട്രാക്കിംഗ് കാണിച്ചത്. മടങ്ങുംവഴി അമ്പയറുടെ നേരെ തിരിഞ്ഞ് നീരസം പ്രകടിപ്പിച്ച ശേഷമാണ് രാഹുൽ പോയത്. എന്തായാലും ഈ ഒരു പുറത്താക്കൽ തീരുമാനം കൂടുതൽ വിവാദമാകാനുള്ള സാധ്യത കാണുന്നുണ്ട്.