ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173/8 എന്ന മികച്ച ടോട്ടൽ നേടി, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 5 വിക്കറ്റിനു തോറ്റതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം കൂടി തോറ്റാൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഏറെക്കൂറെ അസ്‌തമിക്കും.
ടോസ്സ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകകയായിരുന്നു, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച ടീമിനെ ശ്രീലങ്ക നിലനിർത്തിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്,
രവി ബിഷ്ണോയ്ക്ക് പകരം രവിചന്ദ്രൻ അശ്വിൻ ടീമിലെത്തി, രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, മഹേഷ് തീക്ഷണയുടെ ബോളിൽ കെ.എൽ രാഹുൽ (6)വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, ഫീൽഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ രാഹുൽ DRS ന് (Decision Review system) നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.
ഏഷ്യ കപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നന്നായി കളിച്ച് ഫോമിലേക്കെത്തിയ കോഹ്ലി പക്ഷെ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി,ദിൽഷൻ മധുഷങ്കയുടെ ബോളിൽ ലോങ്ങ് ഓണിലേക്ക് ഷോട്ടിന് ശ്രമിച്ച കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, ആദ്യ 3 മത്സരങ്ങളിലും നന്നായി കളിച്ച കോഹ്ലി ഇന്നത്തെ മത്സരത്തിൽ പൂജ്യത്തിനാണ് പുറത്തായത്,
13/2 എന്ന നിലയിൽ സമ്മർദ്ദത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ട് നയിക്കുകയായിരുന്നു, സമ്മർദ്ദ ഘട്ടത്തിലും ലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് കൊണ്ട് രോഹിത് ഇന്ത്യൻ സ്കോർ ചലിപ്പിച്ചു, മറുവശത്ത് സൂര്യ കുമാർ യാദവ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ നിർണായക കൂട്ട്കെട്ട് ഉണ്ടാക്കി തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.
41 ബോളിൽ 5 ഫോറും 4 സിക്സും അടക്കമാണ് രോഹിത് 72 റൺസ് നേടിയത്, 34 റൺസ് നേടിയ സൂര്യകുമാർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, എന്നാൽ ഇരുവരെയും പുറത്താക്കിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ച് വന്നു, 17 റൺസ് വീതം എടുത്ത ഹർദിക്കും, റിഷബ് പന്തും, പുറത്താകാതെ 15* റൺസ് നേടിയ അശ്വനും ഇന്ത്യൻ സ്കോർ 173 ൽ എത്തിച്ചു, 3 വിക്കറ്റ് വീഴ്ത്തിയ മധുഷങ്കയും, 2 വീതം വിക്കറ്റ് വീഴ്ത്തിയ കരുണരത്‌നയും, ഷാണകയും ശ്രീലങ്കക്കായി ബോളിങ്ങിൽ തിളങ്ങി.
മത്സരത്തിൽ അസിത ഫെർണാണ്ടോ എറിഞ്ഞ പത്താം ഓവറിൽ ആദ്യ ബോളിൽ ഡീപ് ബാക്ക് സ്‌ക്വയർ ലെഗിൽ രോഹിത് ശർമ ഒരു സിക്സർ അടിച്ചത് ചെന്ന് പതിച്ചത് ഗ്രൗണ്ട് സെക്യൂരിറ്റിയുടെ പിറകിൽ ആയിരുന്നു, ഗ്രൗണ്ടിനു എതിർ വശത്തോട്ട് നോക്കി നിന്നതിനാൽ അദ്ദേഹത്തിന് ബോൾ തന്റെ നേർക്ക് വരുന്നത് കാണാൻ സാധിച്ചിരുന്നില്ല, ബോൾ കൊണ്ടിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്ന അദ്ദേഹത്തെ നോക്കി സഹപ്രവർത്തകർ ചിരിക്കുന്നുണ്ടായിരുന്നു.