Categories
Cricket India Latest News Malayalam Video

ഇതെന്താ ബോൾ മഴയോ; ചിരി പടർത്തി ഇന്ത്യൻ താരങ്ങളുടെ വിക്കറ്റ് ആഘോഷം :വീഡിയോ

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച മട്ടാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 3 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രാഹുലിന്റെയും കോഹ്‌ലിയുടെയും വിക്കറ്റ് നഷ്ടമായി. രാഹുൽ 7 പന്തിൽ 6 റൺസുമായി ഒരു വിവാദ തീരുമാനത്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടം കൈവരിച്ച കോഹ്ലിയാകട്ടെ നാല് പന്ത് നേരിട്ട് സംപൂജ്യനായി മടങ്ങി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ രോഹിത് ശർമയും സൂര്യ കുമാർ യാദവും ചേർന്നാണ് ഇന്ത്യയെ വൻ തകർച്ചയിൽനിന്നും കരകയറ്റിയത്. 41 പന്തിൽ 5 ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസാണ് രോഹിത് നേടിയത്. സൂര്യകുമാർ വമ്പനടികൾക്ക്‌ മുതിരാതെ രോഹിതിന് പിന്തുണ നൽകികൊണ്ട് കളിച്ച് 29 പന്തിൽ നിന്നും ഒന്നുവീതം ബൗണ്ടറിയും സിക്സ്സും നേടി 34 റൺസ് എടുത്തു. മറ്റാർക്കും 20 റൺസിന്‌ മുകളിൽ നേടാനായില്ല. അവസാന ഓവറുകളിൽ അശ്വിനെടുത്ത റൺസ് ആണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. 7 പന്തുകളിൽ ഒരു സിക്സ് അടക്കം 15 റൺസ് എടുത്തപ്പോൾ ഇന്ത്യൻ സ്കോർ 20 ഓവറിൽ 173/8 എന്ന നിലയിൽ എത്തി.

174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഓപ്പണർമാർ മികച്ച രീതിയിൽ തന്നെ തുടങ്ങിയപ്പോൾ ഇന്ത്യ അപകടം മണത്തു. പത്തും നിസ്സംഘയും കുശാൽ മെൻഡീസും അർദ്ധ സെഞ്ചുറി നേടി ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ചഹാൽ ആണ് ഇരുവരുടെയും വിക്കറ്റ് നേടിയത്. പിന്നീട് വന്ന അസലങ്കയും ഗുനതിലകയും വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യൻ ക്യാമ്പ് ഉണർന്നു. എങ്കിലും ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് അവരെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

മത്സരത്തിൽ എല്ലാവരുടെയും ചിരിപടർത്തിയ ഒരു രംഗവും അരങ്ങേറി. പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. ചഹാൽ എറിഞ്ഞ ആദ്യ പന്തിൽ നിസ്സംഗ പുറത്തായിരുന്നു. പിന്നീട് വന്ന അസലങ്ക റൺ ഒന്നും എടുക്കാതെ നാലാം പന്തിൽ കൂറ്റനടിക്ക്‌ ശ്രമിച്ച് പുറത്തായി. ബാക്ക്വർഡ് സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവിന് ഈസി ക്യാച്ച്. പന്ത് പിടിച്ച ആവേശത്തിൽ അദ്ദേഹം ആകാശത്തേക്ക് വലിച്ചെറിയുകയായിരുന്നു. അലക്ഷ്യമായി എറിഞ്ഞ പന്ത്, വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ മേൽ പതിക്കാൻ പോകുമ്പോൾ അവർ ഓടിമാറാൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

11 ഓവറിൽ 97/0 എന്ന നിലയിൽ നിന്നും 14 ഓവറിൽ 110/4 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ പിടിച്ചുയർത്തിയത് നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് ആയിരുന്നു. 18 പന്തിൽ നിന്നും 4 ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസ് എടുത്ത ശനക തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും. നേരത്തെ ബോളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു അദ്ദേഹം.

https://twitter.com/cricket82182592/status/1567382477957918720?s=19

ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ തുലാസിലായി. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *