ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ടീം ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾക്ക് വലിയ രീതിയിൽ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയോടു ടീം ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാന്റെ പക്കൽ നിന്നും അഞ്ച് വിക്കറ്റിന്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു. തങ്ങളുടെ രണ്ട് മത്സരങ്ങളിലും വിജയിച്ച ശ്രീലങ്ക ഫൈനൽ കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ത്യയുടെ കാര്യം ത്രിശങ്കുവിലുമായി.
ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതെല്ലാം ഒത്തുവന്നാൽ മാത്രമേ ഇനി ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു പന്ത് ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തിൽ 97/0 എന്നതിൽ നിന്നും 110/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയ്ക്ക് വേണ്ടി നായകൻ നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് രക്ഷയ്ക്ക് എത്തുകയായിരുന്നു. 18 പന്തിൽ നിന്നും 33 റൺസ് എടുത്ത ശനക ബോളിംഗിലും രണ്ട് വിക്കറ്റ് നേട്ടവുമായി തിളങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും.
രാജപക്സെ 25 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർമാരായ പത്തും നിസ്സംഘയും കുശാൽ മെൻഡീസും അർദ്ധ സെഞ്ചുറി നേടി ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. നിസ്സംഗ 52 റൺസും മെൻഡിസ് 57 റൺസും എടുത്ത് പുറത്തായി. ഇന്ത്യക്കായി ചഹാൽ മൂന്ന് വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നായകൻ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യയുടെ ഇന്നിങ്സ് നീങ്ങിയത്. 41 പന്തിൽ നിന്നും അഞ്ച് ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസ് ആണെടുത്തത്. 34 റൺസ് എടുത്ത സൂര്യകുമാർ യാദവ് ഒഴികെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാൻ കഴിഞ്ഞില്ല.
മത്സരത്തിനിടെ ഇന്ത്യൻ താരം അർഷദ്ദീപ് സിംഗ് പന്തെറിയുന്ന സമയത്ത് നായകൻ രോഹിത് ശർമ ഫീൽഡിംഗ് സെറ്റ് ചെയ്തപ്പോൾ താരത്തിന്റെ അഭിപ്രായത്തിന് ചെവി കൊടുക്കാതെ നടന്നു നീങ്ങുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. രോഹിതിന്റെ ഈ പ്രവർത്തിയിൽ കടുത്ത വിമർശനമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇങ്ങനെയല്ല ഒരു നായകൻ ചെയ്യണ്ടത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്തോ പ്രധാനപ്പെട്ട ഫീൽഡിംഗ് പൊസിഷൻ വ്യക്തമാക്കാൻ സിംഗ് ശ്രമിക്കുമ്പോൾ യാതൊന്നും കേൾക്കാൻ നിൽക്കാതെ പെട്ടെന്ന് അവിടെനിന്ന് മാറിപോകുകയാണ് രോഹിത് ശർമ.
കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ അർഷദ്ദീപ് സിംഗ് ഒരു ക്യാച്ച് കൈവിട്ടപ്പോൾ താരത്തിന് നേരെ ആക്രോശിക്കുന്ന രോഹിതിന്റെ പ്രവർത്തിയും വിമർശനത്തിന് ഇടയാക്കിയിരുന്നു. ധോണിയെപ്പോലെ ഒരു കൂൾ നായകനല്ല, കോഹ്‌ലിയെപ്പോലെ ബോൾഡ് ആയ നായകനുമല്ല, വെറും അലസമായ ശൈലിയിൽ നയിക്കുന്ന രോഹിത് എന്നാണ് വിമർശകർ പറയുന്നത്. കഴിഞ്ഞ മത്സരത്തിൽ എന്നപോലെ അവസാന ഓവറിൽ വെറും 7 റൺസ് മാത്രം വിജയം നേടാൻ ഉണ്ടായിരുന്നിട്ടും വളരെ മികച്ച രീതിയിൽ തന്നെ സിംഗ് പന്തെറിഞ്ഞു. ഇരുപോരാട്ടങ്ങളിലും പത്തൊമ്പതാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ റൺസ് വഴങ്ങുന്നത്തിൽ പിശുക്ക് കാട്ടാൻ സാധിച്ചില്ല. പാക്കിസ്ഥാന് എതിരെ 19 റൺസ് വഴങ്ങിയ അദ്ദേഹം ഇന്നലെ ശ്രിലങ്കക്ക് എതിരെ 14 റൺസും വഴങ്ങിയിരുന്നു.