ഏഷ്യ കപ്പിൽ നിന്നും ഫൈനൽ കാണാതെ പുറത്താകുമെന്ന വക്കിലാണ് ടീം ഇന്ത്യ ഇപ്പോഴുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇവിടെ സൂപ്പർ ഫോർ ഘട്ടത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ചു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനൊട് അഞ്ച് വിക്കറ്റിന് തോറ്റ ടീം ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയോട് 6 വിക്കറ്റിന് തോൽക്കുകയായിരുന്നു.
ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതെല്ലാം ഒത്തുവന്നാൽ മാത്രമേ ഇനി ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.
അതിനിടെ ഇന്ത്യയുടെ യുവ പേസർ അർഷദ്ദീപ് സിംഗിനെ കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന ഓവറിൽ പന്തെറിഞ്ഞത് സിംഗ് ആയിരുന്നു. പാക്കിസ്ഥാന് എതിരെ പത്തൊമ്പതാം ഓവറിൽ സീനിയർ താരം ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങിയിരുന്നു. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെയും പത്തൊമ്പതാം ഓവറിൽ കുമാർ 14 റൺസ് വഴങ്ങി. ഇരു മത്സരങ്ങളിലും അവസാന ഓവറിൽ വെറും 7 റൺസ് മാത്രമാണ് തടുക്കാൻ ഉണ്ടായിരുന്നത്. എന്നിട്ടുപോലും വളരെ മികച്ച രീതിയിൽ തന്നെ സിംഗ് പന്തെറിഞ്ഞു അവസാന പന്ത് വരെ മത്സരങ്ങൾ നീട്ടിയെടുത്തൂ.
എങ്കിലും പാക്കിസ്ഥാന് എതിരെ നടന്ന മത്സരത്തിൽ ഒരു നിർണായക ക്യാച്ച് അർഷദ്ദീപ് സിംഗ് കൈവിട്ട് കളഞ്ഞിരുന്നു. ആസിഫ് അലി പിന്നീട് ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിൽ അടിച്ചു തകർത്ത് പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. അന്ന് തൊട്ടേ സിംഗിന് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. പാകിസ്ഥാന് വേണ്ടി കളിച്ചു എന്ന് പറഞ്ഞ് ചിലർ മത്സരശേഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒരുപാട് പേരുടെ ആക്ഷേപത്തിന് പാത്രമായിരുന്ന അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കക്ക് വിജയിക്കാൻ രണ്ട് പന്തിൽ രണ്ട് റൺസ് വേണ്ട ഘട്ടത്തിൽ ഡോട്ട് ബോൾ എറിഞ്ഞുവെങ്കിലും ബറ്റർമാർ റണ്ണിനായി ഓടുകയായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് മൂന്ന് വിക്കറ്റും മുന്നിൽ നിൽക്കെ ബോൾ എറിഞ്ഞ് കൊള്ളിക്കാൻ കഴിഞ്ഞില്ല. ബാറ്റർ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. തുടർന്ന് പന്ത് കൈക്കലാക്കിയ ബോളർ അർഷദ്ദീപ് സിംഗ് നോൺ സ്ട്രൈകിങ് എൻഡിലേക്ക് ഏറിയുമ്പോഴും ബാറ്റർ ക്രീസിൽ എത്തിയിരുന്നില്ല. എങ്കിലും പന്ത് വിക്കറ്റിൽ കൊള്ളാതെ പോയപ്പോൾ അവർ ഓവർത്രോയുടെ ആനുകൂല്യം മുതലാക്കി റൺ എടുക്കുകയും മത്സരം വിജയിക്കുകയും ചെയ്തു.
പാക്കിസ്ഥാന് എതിരെ നടന്ന മത്സരശേഷം ഗ്രൗണ്ടിൽ നിന്നും ടീം ബസിലേക്ക് കയറുന്ന സമയത്ത് ഒരു ആരാധകൻ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് കളിയാക്കി വിളിച്ചു എന്നുപറയുന്ന ഒരു വീഡിയോ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ദേ ക്യാച്ചൂം വിട്ടുകളഞ്ഞ് വന്നിരിക്കുകയാണ് ഒരു സർദാർ എന്ന് അയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതുകേട്ട സിംഗ് കുറച്ച് നേരം അയാളെ നോക്കി നിന്നു. പിന്നീട് ബസിനുള്ളിലേക്ക് കടന്നുപോയി. അവിടെയുണ്ടായിരുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകൻ വിമൽ കുമാർ അയാളെ ചോദ്യം ചെയ്യുന്നതും അയാൾ വ്യക്തമായ മറുപടി ഒന്നും നൽകാൻ സാധിക്കാതെ നിൽക്കുന്നതും പിന്നീട് കൂടുതൽ ഓഫീഷ്യൽമാർ വന്ന് സ്ഥിതി ശാന്തമാക്കുന്നതും കാണുന്നു.