ഇത്തവണത്തെ ഏഷ്യ കപ്പ് ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിനോടുവിൽ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ഫൈനലിൽ എത്തി. ഇതോടെ ശ്രീലങ്കയും ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്നും പുറത്തായി.
ഇന്ന് അഫ്ഗാൻ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പ് ഉണ്ടായിരുന്നുള്ളൂ. അഫ്ഗാനിസ്ഥാൻ ടീമിന്റെ വിജയത്തിനായി കാത്തിരുന്ന ലോകമെങ്ങുമുള്ള ഇന്ത്യൻ ആരാധകരെ നിരാശരാക്കി പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ നസീം ഷായുടെ രണ്ട് പടുകൂറ്റൻ സിക്സറുകൾ. ഫസൽ ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും അതിർത്തി കടത്തി നസീം ഷാ അവർക്ക് സമ്മാനിച്ചത് അവിസ്മരണീയ വിജയം.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ടേറിയ പിച്ചിൽ ഒരുപാട് കഷ്ടപ്പെട്ടു തട്ടിമുട്ടി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് അഫ്ഗാനിസ്ഥാൻ ബാറ്റർമാർ എടുത്തത്. പാക്കിസ്ഥാൻ അനായാസ വിജയം സ്വന്തമാക്കും എന്ന് എല്ലാവരും വിശ്വസിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ ടീമിന്റെ പോരാട്ടവീര്യത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.
പാക്ക് നായകൻ ബാബർ അസം മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഫസൽ ഹഖ് ഫാറൂഖിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പൂജ്യത്തിന് പുറത്തായി. 20 റൺസ് എടുത്ത റിസ്വാനെ റാഷിദ് ഖാനും വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ശദാബ് ഖാനും ഇഫ്ത്തിക്കർ അഹമ്മദും ചെറിയ തോതിൽ കൂട്ടുകെട്ട് സൃഷ്ടിച്ചുവെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി അഫ്ഗാനിസ്ഥാൻ മത്സരത്തിൽ തിരിച്ചുവന്നു. 8 പന്തിൽ 16 റൺസ് എടുത്ത അവസാന അംഗീകൃത ബാറ്റർ ആസിഫ് അലിയും പുറത്തായതോടെ അഫ്ഗാൻ വിജയം മണത്തുവെങ്കിലും നസീം ഷാ അവരിൽ നിന്നും തട്ടിയെടുത്തു.
മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതി വരെയെത്തി കാര്യങ്ങളും. ഫരീദ് അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. ആ ഓവറിലെ രണ്ടാം പന്തിലും അഞ്ചാം പന്തിലും അദ്ദേഹം വിക്കറ്റ് നേടിയിരുന്നു. നാലാം പന്തിൽ ഒരു കിടിലൻ സിക്സ് അടിച്ച ആസിഫ് അലി വീണ്ടും ഒരിക്കൽ കൂടി വൻ ഷോടിന് ശ്രമിച്ച് അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങി. ബോളർ ഫരീദ് അഹമ്മദ് അദ്ദേഹത്തിന് ചില വാക്കുകളിലൂടെ യാത്രയയപ്പ് നൽകിയപ്പോൾ തിരിച്ചെത്തി അഹമ്മദിന് നേരെ ബാറ്റ് വീശാൻ അലി ശ്രമിക്കുകയായിരുന്നു. പിന്നീട് മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ മത്സരം അവസാന ഓവർ വരെ ആവേശം നിലനിർത്തി. എല്ലാ പ്രാവശ്യവും അഫ്ഗാനിസ്ഥാൻ ടീമിന്റെ കയ്യിൽ നിന്നും വഴുതി പോകുകയായിരുന്നു വിജയങ്ങൾ. 2018 ഏഷ്യ കപ്പ് ടൂർണമെന്റിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് പന്തുകൾ ബാക്കി നിർത്തിയാണ് പാക്ക് ടീം വിജയിച്ചത്. 2019 ഏകദിന ലോകകപ്പിലെ മത്സരത്തിൽ ആകട്ടെ രണ്ട് പന്ത് ബാക്കി നിർത്തിയും. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ 6 പന്തുകൾ ബാക്കി നിൽക്കെയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ ടീമിന്റെ വിജയം തട്ടിയകറ്റിയത്. ഇന്ന് നാല് പന്ത് ബാക്കി നിർത്തിയും.