ഇന്നലെ രാത്രി നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിന് ശേഷം ഗാലറിയിൽ ഉണ്ടായിരുന്ന ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ഒരു വിക്കറ്റിന് പാക്കിസ്ഥാൻ അഫ്ഗനിസ്ഥാനെ കീഴടക്കുകയായിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 129/6, പാകിസ്താൻ 19.2 ഓവറിൽ 131/9.
ജയപരാജയങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾക്ക് ഒടുവിൽ അഫ്ഗാനിസ്ഥാൻ അട്ടിമറി വിജയം നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ തുടർച്ചയായ രണ്ട് സിക്സ് നേടി പാക്ക് പതിനൊന്നാമൻ നസീം ഷാ വിജയം തട്ടിയെടുക്കുകയായിരുന്നു. തന്റെ നാലാമത്തെ മാത്രം അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരം കളിക്കുന്ന പതൊമ്പതുകാരൻ ടീമിന്റെ രക്ഷകനായി മാറി. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നേരിട്ടപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാന്തര ട്വന്റി ട്വന്റി അരങ്ങേറ്റം.
മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയുടെ വക്കിൽ എത്തിയിരുന്നു കാര്യങ്ങൾ. ഫരീദ് അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. നാലാം പന്തിൽ ഒരു കിടിലൻ സിക്സ് അടിച്ച ആസിഫ് അലി വീണ്ടും ഒരിക്കൽ കൂടി വൻ ഷോടിന് ശ്രമിച്ച് അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങി. ബോളർ ഫരീദ് അഹമ്മദ് അദ്ദേഹത്തിന് ചില വാക്കുകളിലൂടെ യാത്രയയപ്പ് നൽകിയപ്പോൾ തിരിച്ചെത്തി അഹമ്മദിന് നേരെ ബാറ്റ് വീശാൻ അലി ശ്രമിക്കുകയായിരുന്നു. പിന്നീട് മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
മത്സരശേഷം ഗാലറിയിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ് അതിനു ശേഷം കണ്ടത്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ ഉള്ള കസേരകൾ പറിച്ചെടുത്ത് പരസ്പരം ഏറിയുന്നതും മറ്റും വീഡിയോയിൽ കാണാം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. ഇത്തരമൊരു സാഹചര്യത്തിന് വഴിവച്ചത് എന്താണെന്ന് വ്യക്തമല്ല.
ഇത് ആദ്യമായല്ല ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഗാലറിയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനെ പരാജയപ്പെടുത്തിയതിന് ശേഷവും ഗാലറിയിൽ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങൾ പോലെ അത്യന്തം വാശിയേറിയ മത്സരമായി ഭാവിയിൽ ഇവർ തമ്മിലുള്ള പോരാട്ടവും മാറും എന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങൾ.
ഇന്നലെ അഫ്ഗാനിസ്ഥാൻ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പ് ഉണ്ടായിരുനുള്ളൂ. ഇതോടെ ഫൈനൽ കാണാതെ ഇന്ത്യയും അഫ്ഗാനിസ്ഥാനും പുറത്തായി. ശ്രീലങ്കയും പാകിസ്താനും തമ്മിലാണ് ഫൈനൽ മത്സരം. ഇതോടെ നാളെ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം അപ്രസക്തമായി. എങ്കിലും സൂപ്പർ ഫോർ ഘട്ടത്തിൽ ഒരു സമാശ്വാസ ജയം നേടി ഏഷ്യ കപ്പിൽ നിന്നും മടങ്ങാൻ ആണ് ഇരു ടീമുകളും ശ്രമിക്കുക. സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരമായ ശ്രീലങ്ക പാക്കിസ്ഥാൻ മത്സരം ഫൈനലിന് മുമ്പേയുള്ള ഒരു വാംഅപ്പ് ആയി ഇരു ടീമുകൾക്കും.