പരിക്കിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുൽ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്നലെ. ഏഷ്യാകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് രാഹുൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 41 പന്തിൽ 2 സിക്‌സും 6 ഫോറും ഉൾപ്പടെ 62 റൺസ് നേടി. എന്നാൽ ഏറെ നാളുകൾക്ക് ശേഷം സെഞ്ചുറി നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ നിഴലിലാവുകയായിരുന്നത്. രോഹിത്തിന്റെ അഭാവത്തിൽ രാഹുലും കോഹ്ലിയുമാണ് ഓപ്പണിങ്ങിൽ എത്തിയത്.
ഓപ്പണിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്ലിയെ അതേ റോളിൽ ഇറക്കണമെന്ന് ഒരു വശത്ത് ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ ഇതേ ചോദ്യവുമായി വാർത്താസമ്മേളനത്തിൽ മുന്നിലെത്തിയ മാധ്യമപ്രവർത്തകൻ നൽകിയ രാഹുൽ നൽകിയ മറുപടി ആരാധകരെ രസിപ്പിച്ചിരിക്കുകയാണ്.
മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ എത്തിയ രാഹുലിനോട് കോഹ്ലിയെ ഓപ്പണിങ്ങിൽ ഇറക്കാൻ നിർദ്ദേശിക്കുമോയെന്ന് ചോദിക്കുകയുണ്ടായി.
മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെ: “ഐപിഎലിൽ ഓപ്പണിങ്ങിൽ വിരാട് കോഹ്‌ലി അഞ്ച് സെഞ്ച്വറി നേടിയത് നമ്മൾ കണ്ടതാണ്. ഓപ്പണിങ്ങിൽ അദ്ദേഹം വീണ്ടും സെഞ്ച്വറി നേടി. അതിനാൽ വരാനിരിക്കുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളിലും ലോകകപ്പിലും കോഹ്‌ലിയെ ഓപ്പണറായി പരീക്ഷിക്കണമെന്ന് വൈസ് ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ടീം മാനേജ്‌മെന്റിനോട് പറയുമോ?”
ഉടനെ രാഹുൽ ചെറു ചിരിയോടെ മറുപടിയുമായി എത്തി. “അപ്പോൾ ഞാൻ പുറത്ത് ഇരിക്കണമെന്നാണോ നിങ്ങൾ നിർദ്ദേശിക്കുന്നത്? അത്ഭുതകരം”. പിന്നാലെ രാഹുൽ ഇങ്ങനെ കൂട്ടിച്ചേർത്തു. “വിരാട് റൺസ് നേടിയത് വലിയ ബോണസാണ്. ഇന്ന് അവൻ ബാറ്റ് ചെയ്ത രീതി അത് വ്യക്തമാകും. എനിക്കറിയാം അദ്ദേഹം തന്റെ ബാറ്റിങ്ങിൽ വളരെ സംതൃപ്തനാണെന്ന്. ലോകകപ്പിന് മുമ്പ് എല്ലാ പ്രധാന കളിക്കാരും ഫോമിൽ എത്തുന്നത് ടീമിന് മികച്ചതാണ്. അത്തരം 2-3 ഇന്നിംഗ്‌സുകൾ കളിക്കുമ്പോൾ തന്നെ ആത്മവിശ്വാസം ഉയർന്ന് വരും.”