ഏഷ്യകപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ വിജയം, ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ക്യാപ്റ്റൻ രോഹിത് ശർമ അടക്കം 3 മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്, രോഹിത്തിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആണ് മത്സരത്തിൽ ഇന്ത്യയെ നയിച്ചത്, രോഹിത് ശർമക്ക് പുറമെ ചഹലും, ഹാർദിക്ക് പാണ്ഡ്യയും അവസാന മത്സരത്തിൽ കളിച്ചില്ല, പകരം ദിനേഷ് കാർത്തിക്കും, ദീപക് ചഹറും, അക്സർ പട്ടേലുമാണ് ഇന്ത്യക്കായി ഇറങ്ങിയത്.
ഓപ്പണർമാരായി ഇറങ്ങിയ രാഹുലും കോഹ്ലിയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്, ഇരുവരും തുടക്കത്തിൽ തന്നെ അഫ്ഗാൻ ബോളർമാരെ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും 119 റൺസിന്റെ കൂട്ട്കെട്ടാണ് പടുത്തുയർത്തിയത്, പതിമൂന്നാം ഓവറിൽ ഫരീദ് മാലിക് ആണ് അഫ്ഗാനിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, 41 പന്തിൽ 6 ഫോറും 2 സിക്സും അടക്കം 62 റൺസ് നേടിയ രാഹുലിനെ നജിബുള്ള സദ്രാന്റെ കൈകകളിൽ എത്തിക്കുകയായിരുന്നു, മറുവശത്ത് കോഹ്ലി മിന്നുന്ന ഫോമിൽ ആയിരുന്നു കോഹ്ലിയുടെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും പ്രവഹിച്ച് കൊണ്ടിരുന്നു,
ഒടുവിൽ 19ആം ഓവറിൽ ഫരീദ് മാലികിനെ സിക്സർ പറത്തിക്കൊണ്ട് 2019 ഡിസംബറിന് ശേഷം കോഹ്ലി തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി തികച്ചു, ട്വന്റി-20 മത്സരത്തിൽ കോഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണ് ഇത്, 61 ബോളിൽ 12 ഫോറും 6 കൂറ്റൻ സിക്സും അടക്കമാണ് പുറത്താകാതെ 122* റൺസ് കോഹ്ലി അടിച്ച് കൂട്ടിയത്, ട്വന്റി-20 യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതോടെ കോഹ്ലിയുടെ പേരിലായി. കോഹ്ലിയുടെ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 212/2 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ പാളയത്തിലേക്ക് ഭുവനേശ്വർ കുമാറിന്റെ മിന്നലാക്രമണം ആണ് പിന്നീട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷി ആയത്, ആദ്യ ഓവറിൽ തന്നെ അഫ്ഗാൻ ഓപ്പണർമാരെ ഇരുവരെയും ഭുവനേശ്വർ മടക്കി അയച്ചു, തന്റെ അടുത്ത ഓവറിൽ കരിം ജനറ്റിനെയും നജിബുള്ളാ സദ്രാനെയും വീഴ്ത്തിക്കൊണ്ട് ഭുവനേശ്വർ അഫ്ഗാനിസ്ഥാൻ മുൻ നിരയെ തകർത്തെറിഞ്ഞു,4 ഓവറിൽ ഒരു മെയിഡിൻ ഓവർ അടക്കം വെറും 4 റൺസ് മാത്രം വഴങ്ങിയാണ് താരം 5 വിക്കറ്റ് സ്വന്തമാക്കിയത്. പുറത്താകാതെ 64* റൺസ് നേടിയ ഇബ്രാഹിം സദ്രാൻ മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ച് നിന്നത്.
മത്സരത്തിൽ രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ ബോളിൽ തന്നെ ഫൈൻ ലെഗിൽ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ തന്റെ ട്രേഡ്മാർക്ക് ഷോട്ട് അടിച്ചാണ് ബോളറെ വരവേറ്റത്, പക്ഷെ തൊട്ടടുത്ത ബോളിൽ ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാൻ ശ്രമിച്ച സൂര്യകുമാറിന് പിഴച്ചു ബാറ്റിൽ തട്ടിയ പന്ത് സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. ഫരീദ് അഹമ്മദ് ആണ് സൂര്യകുമാറിനെ വീഴ്ത്തിയത്, സെഞ്ച്വറി നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.