Categories
Cricket Latest News Malayalam Video

ഈ മുതിർന്ന ആരാധകൻ കോഹ്‌ലിയെ വണങ്ങുന്നത് കണ്ടോ, എന്താ കിംഗിന്റെ റേഞ്ച് എന്ന് ഊഹിച്ച് നോക്കിയേ!വീഡിയോ

തന്റെ കരിയറിലെ എഴുപത്തിയൊന്നാം സെഞ്ചുറി നേട്ടം കൈവരിക്കാൻ വിരാട് കോഹ്‌ലി കാത്തിരുന്നത് നീണ്ട 1021 ദിവസങ്ങളാണ്. ഇതിനിടയിൽ ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി എന്നിവയിലായി മൊത്തം 84 രാജ്യാന്തര മത്സരങ്ങളിൽ അദ്ദേഹം ഭാഗമായി. എങ്കിലും ഇത്രയും നാൾ ആ ഒരു സെഞ്ചുറി നേട്ടം മാത്രം അകന്നു നിൽക്കുകയായിരുന്നു.

ഒടുവിൽ ഇന്നലെ നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ സൂപ്പർ ഫോർ ഘട്ടത്തിൽ അഫ്ഗാനിസ്ഥാന്‌ എതിരെ മിന്നുന്ന പ്രകടനം നടത്തി ആ ലക്ഷ്യവും കോഹ്‌ലി പൂർത്തീകരിച്ചു. മാത്രവുമല്ല, ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടാനും കഴിഞ്ഞു. 61 പന്തുകളിൽ നിന്നും 12 ബൗണ്ടറിയും 6 സിക്സറും അടക്കം 122* റൺസ് നേടിയ കോഹ്‌ലി, രോഹിത് ശർമയുടെ പേരിൽ ഉണ്ടായിരുന്ന 118 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

സൂപ്പർ ഫോർ ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു. ഇതോടെ ഇവർ പരസ്പരം ഏറ്റുമുട്ടുന്ന മത്സരം അപ്രസക്തമായിരുന്നു. അതുമൂലം മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഗാലറിയിൽ കാണികളും നന്നേ കുറവായിരുന്നു. എങ്കിലും അവിടെ സന്നിഹിതരായിരുന്ന ചുരുക്കം ആരാധകർക്ക് ഒരു അവിസ്മരണീയ നിമിഷത്തിന്റെ സാക്ഷികളാകാനുള്ള ഭാഗ്യം ലഭിച്ചു എന്നുതന്നെ പറയാം.

അതിൽ തന്നെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു മുതിർന്ന ഇന്ത്യൻ ആരാധകൻ ആയിരുന്നു. പഴയ ഒരു ഇന്ത്യൻ ജേഴ്സിയും ധരിച്ച്, ഒരു തൂവെള്ള സിഖ് തലപ്പാവുമായി ഗാലറിയുടെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു അദ്ദേഹം. വിരാട് കോഹ്‌ലി സെഞ്ചുറി നേട്ടം പൂർത്തിയാക്കിയതിന് ശേഷം സന്തോഷത്തോടെ ആരാധകരെ അഭിസംബോധന ചെയ്യുന്ന നേരത്ത് ക്യാമറകൾ സൂം ചെയ്തത് ഇദ്ദേഹത്തിന് നേർക്കായിരുന്നു. ഇരു കൈകളും വായുവിൽ ഉയർത്തിയും താഴ്ത്തിയും അദ്ദേഹം കോഹ്‌ലിയെ വണങ്ങിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി.

ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികൾ കോഹ്‌ലി നേടിയിട്ടുണ്ട് എങ്കിലും അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 94* ആയിരുന്നു. 2019 നവംബറിൽ ബംഗ്ലാദേശിന് എതിരെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോഹ്‌ലി അവസാനമായി സെഞ്ചുറി നേടിയിരുന്നത്‌. മൂന്ന് വർഷം തികയാൻ ഏതാണ്ട് ഇത്തിരി ദിവസം കുറവ് വരേയെത്തി, അടുത്തൊരു സെഞ്ചുറി നേട്ടം കൈവരിക്കാൻ. അതും ആരും ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ട്വന്റി ട്വന്റി ഫോർമാറ്റിലും.

എന്തായാലും കോഹ്‌ലിയുടെ മികവിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 101 റൺസിന്‌ പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ രാഹുലാണ് ഇന്ത്യയെ നയിച്ചത്. രോഹിത്, പാണ്ഡ്യ, ചഹാൽ എന്നിവർക്ക് പകരം കാർത്തിക്, അക്സേർ, ദീപക് ചഹർ എന്നിവർ ടീമിലെത്തി.

നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് അടിച്ചുകൂട്ടി. രാഹുൽ 62 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഭൂവിയുടെ പന്തുകൾക്ക്‌ മുന്നിൽ മുട്ടിടിച്ചുനിൽക്കാനെ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ ഒരു മെയ്ഡെൻ അടക്കം വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ മികച്ച ബോളിങ് പ്രകടനം നടത്തി അദ്ദേഹം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.

ദീർഘ കാലത്തിനുശേഷം സെഞ്ചുറി നേട്ടം ; വൈറലായി മുതിർന്ന ഇന്ത്യൻ ആരാധകൻ കോഹ്‌ലിയെ വണങ്ങുന്ന വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *