ഇന്നലെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലെ ഒരു ആകാംഷ നിറഞ്ഞ നിമിഷമായി ഇന്ത്യ ലജൻഡ്സ് താരമായ സുരേഷ് റെയ്നയും ദക്ഷിണാഫ്രിക്കൻ ലജൻഡ്സ് നായകനായ ജോണ്ടി റോഡ്സും മത്സരത്തിനിടെ മുഖാമുഖം വന്നത്. ദക്ഷിണാഫ്രിക്കൻ ടീം ബാറ്റിംഗ് ചെയ്യുമ്പോൾ ആയിരുന്നു സംഭവം.
ജോണ്ടി റോഡ്സ് ബാറ്റ് ചെയ്യാനായി ക്രീസിൽ എത്തിയ ശേഷം, ഫീൽഡിംഗ് ചെയ്യുകയായിരുന്ന റയ്ന അദ്ദേഹത്തിന് നേർക്ക് വന്നടുക്കുകയായിരുന്നു. റോഡ്സും അങ്ങോട്ട് നടന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഗാലറിയിൽ ഉണ്ടായിരുന്ന ആരാധകരും സ്തബ്ധരായി നിന്നുപോയി. പരസ്പരം മുഖാമുഖം നിന്ന് അല്പം സംസാരിച്ച ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു.
റൈയ്ന അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ വേണ്ടിയാണ് വേണ്ടിയാണ് പോയത് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പരിപാടിയിൽവെച്ച് ജോണ്ടി റോഡ്സ് തന്നെ അതിൽ വ്യക്തത വരുത്തുകയായിരുന്നു. അത് വെറുമൊരു സൗഹൃദസംഭാഷണം മാത്രമായിരുന്നു എന്നും, ഇന്ന് തന്റെ വിക്കറ്റ് അദ്ദേഹം നേടുമെന്ന് തമാശ രൂപേണ റൈന പറയുകയായിരുന്നു എന്നും റോഡ്സ് വ്യക്തമാക്കി.
വളരെകാലത്തെ സുഹൃദ്ബന്ധമാണ് ഇരുതാരങ്ങളും തമ്മിലുള്ളത്. സമൂഹമാധ്യമങ്ങളിൽ ഓരോ സന്ദർഭങ്ങളിൽ പരസ്പരം ആശംസകൾ അറിയിക്കുന്ന ഇരുവരെയും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഒരു ഫീൽഡർ ആയാണ് ജോണ്ടി റോഡ്സ് അറിയപ്പെടുന്നത്. എങ്കിലും ഒരുപാട് അഭിമുഖങ്ങളിൽവെച്ച് അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫീൽഡറെ തിരഞ്ഞെടുക്കാൻ പറയുമ്പോൾ റൈയ്നയുടെ പേരാണ് പറഞ്ഞിട്ടുള്ളത്.
ഇന്നലെ നടന്ന സീരിസിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ 61 റൺസിന് അവരെ കീഴടക്കി. ഇന്ത്യ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന് നിശ്ചിത ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നായകൻ ജോണ്ടി റോഡ്സ് 27 പന്തിൽ നിന്നും അഞ്ച് ബൗണ്ടറിയും ഒരു സിക്സറും അടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാഹുൽ ശർമ മൂന്ന് വിക്കറ്റും മുനാഫ് പട്ടേലും പ്രഗ്യാൻ ഓജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദിവസങ്ങൾക്ക് മുമ്പ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച സുരേഷ് റെയ്ന ഇന്ത്യ ലജൻഡ്സ് ടീമിനായി അരങ്ങേറ്റം കുറിച്ചു. റൈനയുടെയും ബിന്നിയുടെയും യുസുഫ് പഠാന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ബിന്നി 42 പന്തിൽ 82 റൺസും(5 ബൗണ്ടറി, 6 സിക്സ്), റൈന 22 പന്തിൽ 33 റൺസും(4 ബൗണ്ടറി, 1 സിക്സ്), യുസുഫ് പഠാൻ 15 പന്തിൽ 35 റൺസും(1 ബൗണ്ടറി, 4 സിക്സ്) എടുത്തു.
രണ്ടു മികച്ച ഫീൽഡർമാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ! ഇന്ത്യ – സൗത്താഫ്രിക മത്സരത്തിനിടയിലെ രസകരമായ സംഭവം ;വീഡിയോ കാണാം.