Categories
Cricket Latest News Video

ലജൻഡ്സ് ലീഗിലും തന്റെ ട്രേഡ് മാർക്ക് ഷോട്ട് കളിച്ച് സുരേഷ് റൈന; വീഡിയോ കാണാം

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന മികച്ച ബാറ്റിംഗ് പ്രകടനവുമായി തിളങ്ങിയിരിക്കുകയാണ്. ഇന്ത്യ ലജൻഡ്സും ദക്ഷിണാഫ്രിക്ക ലജൻഡ്‌സും തമ്മിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലാണ് തന്റെ കൈവശം ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ പേരിൽ നടത്തുന്ന ടൂർണമെന്റാണിത്. ഈ വർഷത്തെ ഉദ്ഘാടന മത്സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. വൺ ഡൗണായി എത്തിയ റെയ്ന മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ഏഴ് ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യക്ക് വേണ്ടി മികച്ചൊരു കൂട്ടുകെട്ട് ആണ് റയ്നയും സ്റ്റുവർട്ട് ബിന്നിയും ചേർന്ന് നൽകിയത്.

മഖയ എന്‍റിനി എറിഞ്ഞ ആറാം ഓവറിന്റെ രണ്ടാം പന്തിൽ സച്ചിൻ പുറത്തായതോടെ ക്രീസിൽ എത്തിയ ചിന്ന തല നേരിട്ട രണ്ടാം പന്തിൽ തന്നെ തന്റെ ഫേവറിറ്റ് ഷോട്ട് കളിച്ച് ബൗണ്ടറി നേടുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. കവർ ഫീൽഡിന് മുകളിലൂടെ സ്വീപ്പർ കവർ എരിയയിലേക്ക് ഉള്ള ഇൻസൈഡ് ഔട്ട് ഷോട്ട്.

മത്സരത്തിൽ ആകെ 22 പന്ത് നേരിട്ട അദ്ദേഹം ഇതടക്കം നാല് ബൗണ്ടറിയും ഒരു കിടിലൻ സിക്സറും ഉൾപ്പെടെ 33 റൺസ് എടുത്താണ് പുറത്തായത്. വിന്റെജ് റയ്നയെ കൺകുളിർക്കെ കാണാൻ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് സാധിച്ചു എന്നുതന്നെ വേണം പറയാൻ.

നിശ്ചിത ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി ടീം ഇന്ത്യ ലജൻഡ്‌സ്. വേർപിരിയാത്ത അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സ്റ്റുവർട്ട് ബിന്നിയും യുസുഫ് പഠനും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്. ബിന്നി 42 പന്തിൽ 5 ബൗണ്ടറിയും 6 സിക്സും അടക്കം 82 റൺസും പഠാൻ 15 പന്തിൽ ഒരു ബൗണ്ടറിയും നാല് സിക്സും അടക്കം 35 റൺസുമാണ് അടിച്ചുകൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *