ഏഷ്യകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്ഷയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 170/6 എന്ന മികച്ച സ്കോർ നേടി, ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ശ്രീലങ്കയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ടോസിന്റെ ഭാഗ്യം പാകിസ്താന് ഈ മത്സരത്തിൽ എത്രത്തോളം അനുകൂലമാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്, ടോസ്സ് കിട്ടിയാൽ ഈ പിച്ചിൽ എല്ലാ ക്യാപ്റ്റന്മാരും ചെയ്യുന്നത് എതിർ ടീമിനെ ആദ്യം ബാറ്റിങ്ങിന് വിട്ട് റൺസ് പിന്തുടരുക എന്നതാണ്.
തകർച്ചയോടെയാണ് ശ്രീലങ്കൻ ഇന്നിംഗ്സ് തുടങ്ങിയത് കുശാൽ മെൻഡിസിനെ നസീം ഷാ ക്ലീൻ ബൗൾഡ് ആക്കി പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ താരം നിസങ്കയെയും, ധനുഷ്ക ഗുണതിലകയെയും ഹാരിസ് റൗഫ് മടക്കി അയച്ചു, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ശ്രീലങ്ക 58/5 എന്ന നിലയിൽ തകർന്നു, എന്നാൽ ലങ്കൻ പോരാട്ട വീര്യത്തിന്റെ കനൽ കെട്ടടങ്ങിയിരുന്നില്ല, ലങ്കൻ മുൻനിരയെ തകർത്ത ആത്മവിശ്വാസത്തിൽ വീണ്ടും ആ ചാരം ചികയാൻ നിന്ന പാക്കിസ്ഥാൻ ബോളർമാരുടെ കൈ പൊള്ളി.
ആറാം വിക്കറ്റിൽ ഹസരംഗയെ കൂട്ട് പിടിച്ച് ഭാനുക രജപക്ഷ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ശ്രീലങ്കയെ പതിയെ മുന്നോട്ട് നയിച്ചു, “ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം” എന്ന ആശയത്തിൽ നിന്ന് കൊണ്ടായിരുന്നു ഇരുവരും ബാറ്റ് വീശിയത്, അപ്രതീക്ഷിതമായ ഈ ആക്രമണം അത്രയും നേരം നല്ല രീതിയിൽ ബോൾ ചെയ്ത് കൊണ്ടിരുന്ന പാക് ബോളർമാരുടെ താളം തെറ്റിക്കാൻ കെല്പുള്ളതായിരുന്നു, 45 ബോളിൽ 6 ഫോറും 3 സിക്സും അടക്കം 71* റൺസ് ആണ് ഭാനുക രജപക്ഷ അടിച്ചെടുത്തത്.
ഏഷ്യകപ്പിൽ മികച്ച ഫോമിൽ കളിച്ച് കൊണ്ടിരുന്ന കുശാൽ മെൻഡിസിന് പാകിസ്താനെതിരെ കഴിഞ്ഞ കളിയിൽ പറ്റിയ പിഴവ് ഇത്തവണയും ആവർത്തിച്ചു, കഴിഞ്ഞ കളിയിൽ മുഹമ്മദ് ഹസ്നൈനിന്റെ ആദ്യ ബോളിൽ തന്നെ താരം ഔട്ട് ആയിരുന്നു, ഇത്തവണ ബോളർ മാറി നസീം ഷാ ആയി എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ, നസീം ഷാ യുടെ വേഗതയാർന്ന ഒരു ഇൻസ്വിങ്ങർ കുശാൽ മെൻഡിസിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
Written By: അഖിൽ. വി. പി. വള്ളിക്കാട്.