ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ന് ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ ബാബർ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. വിശ്രമം അനുവദിച്ചിരുന്ന ശദാബ് ഖാനും നസീം ഷായും ടീമിൽ തിരിച്ചെത്തിയപ്പോൾ ഹസൻ അലിയും ഉസ്മാൻ ഖാദിരും പുറത്തിരുന്നു.
മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിൽ പാക്ക് ടീമിലെ രണ്ട് താരങ്ങൾ കൂട്ടിമുട്ടുകയും പന്ത് സിക്സ് ആവുകയും ചെയ്തു. ഇത് ആദ്യമായല്ല പാക്ക് താരങ്ങൾ ഒന്നിച്ചുവന്ന് ക്യാച്ച് എടുക്കാൻ ശ്രമിച്ച് ഡ്രോപ്പ് ചെയ്യുന്നത്. അവരുടെ പല മത്സരങ്ങളിലും പതിവ് കാഴ്ചയാണ് ഇത്. മത്സരത്തിന്റെ പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ ആയിരുന്നു സംഭവം. മുഹമ്മദ് ഹാസ്നൈൻ എറിഞ്ഞ പന്തിൽ ബാറ്റിംഗ് ചെയ്തിരുന്നത് അർദ്ധ സെഞ്ചുറി നേടിയ ഭാനുകാ രാജപക്സെ.
ഓഫ് കട്ടർ ആയി എറിഞ്ഞ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തി അടിച്ചപ്പോൾ പന്ത് നേരെ ലോങ് ഓണിലും ഡീപ് മിഡ് വിക്കറ്റിനും ഇടയിലേക്ക് പോയി. ലോങ് ഓൺ ഫീൽഡർ ആസിഫ് അലിക്കായിരുന്നൂ കൂടുതൽ അടുത്ത്. എന്നാലും ശദാബ് ഖാനും അവിടേക്ക് ഓടി എത്തുകയായിരുന്നു. ആരാണ് ക്യാച്ച് എടുക്കുന്നതെന്ന് ശ്രദ്ധിക്കുകയോ വിളിച്ചുപറയുകയോ ചെയ്യാതെ ഇരുവരും ആകാശത്ത് കൂടി വരുന്ന പന്തിനെ മാത്രം നോക്കി വരുകയായിരുന്നു.
പന്ത് വന്ന് ആസിഫ് അലിയുടെ കയ്യിൽ ഇരുന്നതും തൊട്ടപ്പുറത്ത് നിന്നും ശദാബ് ഖാൻ ക്യാച്ചിനായി ചാടി ആസിഫ് അലിയുടെ ദേഹത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു. ഇതോടെ അലിയുടെ കയ്യിൽ നിന്നും തെറിച്ചുപോയ പന്ത് നേരെ ചെന്ന് വീണത് അതിർത്തിവരക്ക് അപ്പുറത്തും. വിക്കറ്റ് ആകേണ്ട പന്തിൽ അതോട്ട് കിട്ടിയുമില്ല, വിലപ്പെട്ട ആറ് റൺസ് പോവുകയും ചെയ്തു പാക്കിസ്ഥാന്.
തുടർന്ന് ഇരു താരങ്ങളും മൈതാനത്ത് വീണു കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആസിഫ് അലി വേഗം എഴുന്നെട്ടുവെങ്കിലും ശദാബ് ഖാനു കഴുത്ത് വന്നിടിച്ച ആഘാതത്തിൽ നിന്നും പെട്ടെന്ന് മുക്തനാകാൻ കഴിഞ്ഞില്ല. തുടർന്ന് ടീം ഫിസിയോ എത്തി താരത്തെ നിരീക്ഷിക്കുകയും അല്പനേരം മത്സരം തടസ്സപ്പെടുകയും ഉണ്ടായി. പരുക്ക് ഗുരുതരം ആകുമോയെന്ന ഭയത്താൽ ഗാലറിയിൽ ഉണ്ടായിരുന്ന പാക്ക് ആരാധകർ പ്രാർത്ഥനയോടെ നിൽക്കുന്നത് കാണാമായിരുന്നു. പിന്നീട് അദ്ദേഹത്തെ ബൗണ്ടറി ലൈനിന് പുറത്തേക്ക് മാറ്റി മത്സരം തുടർന്നു.
ജീവൻ ലഭിച്ച രാജപക്സെ അവസാന ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സും അടക്കം വിലപ്പെട്ട 14 റൺസ് ആണ് നേടിയത്. മൊത്തം 45 പന്ത് നേരിട്ട അദ്ദേഹം ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടക്കം 71 റൺസ് നേടി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 58/5 എന്ന നിലയിൽ പരുങ്ങലിലായ അവരെ രക്ഷിച്ചത് ആറാം വിക്കറ്റിലും ഏഴാം വിക്കറ്റിലും അദ്ദേഹം നേതൃത്വം നൽകിയ അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുകൾ ആണ്. ഹാസരംഗ 21 പന്തിൽ 36 റൺസും കരുണറത്‌നെ 14 പന്തിൽ 14 റൺസും എടുത്തു രജപക്സെയ്ക്ക് കൂട്ടായി. പാക്ക് ബോളർ ഹാരിസ് റൗഫ് 3 വിക്കറ്റുകൾ വീഴ്ത്തി. നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് ആണ് അവർ നേടിയത്.