ഏഷ്യകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കക്ക് 23 റൺസിന്റെ മിന്നുന്ന ജയം,ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്ഷയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 170/6 എന്ന മികച്ച ടോട്ടൽ നേടിയെടുത്തു.
തകർച്ചയോടെയാണ് ശ്രീലങ്കൻ ഇന്നിങ്ങ്സ് തുടങ്ങിയത് കുശാൽ മെൻഡിസിനെ നസീം ഷാ ക്ലീൻ ബൗൾഡ് ആക്കി പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ താരം നിസങ്കയെയും, ധനുഷ്ക ഗുണതിലകയെയും ഹാരിസ് റൗഫ് മടക്കി അയച്ചു, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ശ്രീലങ്ക 58/5 എന്ന നിലയിൽ തകർന്നു, എന്നാൽ ലങ്കൻ പോരാട്ട വീര്യത്തിന്റെ കനൽ കെട്ടടങ്ങിയിരുന്നില്ല, ലങ്കൻ മുൻനിരയെ തകർത്ത ആത്മവിശ്വാസത്തിൽ വീണ്ടും ആ ചാരം ചികയാൻ നിന്ന പാക്കിസ്ഥാൻ ബോളർമാരുടെ കൈ പൊള്ളി.
ആറാം വിക്കറ്റിൽ ഹസരംഗയെ കൂട്ട് പിടിച്ച് ഭാനുക രജപക്ഷ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ശ്രീലങ്കയെ പതിയെ മുന്നോട്ട് നയിച്ചു, “ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം” എന്ന ആശയത്തിൽ നിന്ന് കൊണ്ടായിരുന്നു ഇരുവരും ബാറ്റ് വീശിയത്, അപ്രതീക്ഷിതമായ ഈ ആക്രമണം അത്രയും നേരം നല്ല രീതിയിൽ ബോൾ ചെയ്ത് കൊണ്ടിരുന്ന പാക് ബോളർമാരുടെ താളം തെറ്റിക്കാൻ കെല്പുള്ളതായിരുന്നു, 45 ബോളിൽ 6 ഫോറും 3 സിക്സും അടക്കം 71* റൺസ് ആണ് ഭാനുക രജപക്ഷ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനും തുടക്കത്തിൽ 2 വിക്കറ്റ് നഷ്ടമായെങ്കിലും, മുഹമ്മദ് റിസ്‌വാനും, ഇഫ്തിക്കാർ അഹമ്മദും പാകിസ്താനെ കരകയറ്റുകയായിരുന്നു, എന്നാൽ കണിശതയോടെ ബോൾ എറിഞ്ഞ ലങ്കൻ ബോളർമാർ ഇരുവർക്കും അടിച്ച് തകർക്കാനുള്ള അവസരം നൽകിയില്ല, അടിച്ചെടുക്കാനുള്ള റൺ റേറ്റ് കൂടി വന്നതോടെ ഇരുവരും സമ്മർദ്ദത്തിലായി, പിന്നീട് കൂട്ടനടികൾക്ക് ശ്രമിച്ച് പരാജയപ്പെട്ട് കൊണ്ട് ഓരോ പാക്കിസ്ഥാൻ ബാറ്ററും പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ചയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ശ്രീലങ്കൻ താരം ഹസരംഗ എറിഞ്ഞ 17ആം ഓവർ മത്സരത്തിൽ ഏറെ നിർണായമായി, വെറും 2 റൺസ് മാത്രം വഴങ്ങി മുഹമ്മദ് റിസ്‌വാൻ, ആസിഫ് അലി, കുഷ്ദിൽ ഷാ, എന്നിവരുടെ വിക്കറ്റുകളാണ് താരം ആ ഓവറിൽ നേടിയത്, ഈ ഓവർ കഴിഞ്ഞപ്പോഴേക്കും മത്സരം ശ്രീലങ്കയുടെ വരുതിയിൽ ആയി കഴിഞ്ഞിരുന്നു, തകർച്ചയിൽ നിന്നും ശ്രീലങ്കയെ കരകയറ്റിയ മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ച ഭാനുക രജപക്ഷ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Written By: അഖിൽ. വി. പി. വള്ളിക്കാട്.
W W W കളിയുടെ ഗതി മാറ്റി ഹസരംഗ !വീഡിയോ കാണാം