ആറാം ഏഷ്യകപ്പ് വിജയവുമായി ശ്രീലങ്ക, കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്ഷയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 170/6 എന്ന മികച്ച സ്കോർ നേടിയെടുക്കുകയായിരുന്നു.
തകർച്ചയോടെയാണ് ശ്രീലങ്കൻ ഇന്നിങ്ങ്സ് തുടങ്ങിയത് കുശാൽ മെൻഡിസിനെ നസീം ഷാ ക്ലീൻ ബൗൾഡ് ആക്കി പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ താരം നിസങ്കയെയും, ധനുഷ്ക ഗുണതിലകയെയും ഹാരിസ് റൗഫ് മടക്കി അയച്ചു, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ശ്രീലങ്ക 58/5 എന്ന നിലയിൽ തകർന്നു, എന്നാൽ ലങ്കൻ പോരാട്ട വീര്യത്തിന്റെ കനൽ കെട്ടടങ്ങിയിരുന്നില്ല, ലങ്കൻ മുൻനിരയെ തകർത്ത ആത്മവിശ്വാസത്തിൽ വീണ്ടും ആ ചാരം ചികയാൻ നിന്ന പാക്കിസ്ഥാൻ ബോളർമാരുടെ കൈ പൊള്ളി.
ആറാം വിക്കറ്റിൽ ഹസരംഗയെ കൂട്ട് പിടിച്ച് ഭാനുക രജപക്ഷ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ശ്രീലങ്കയെ പതിയെ മുന്നോട്ട് നയിച്ചു, “ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം” എന്ന ആശയത്തിൽ നിന്ന് കൊണ്ടായിരുന്നു ഇരുവരും ബാറ്റ് വീശിയത്, അപ്രതീക്ഷിതമായ ഈ ആക്രമണം അത്രയും നേരം നല്ല രീതിയിൽ ബോൾ ചെയ്ത് കൊണ്ടിരുന്ന പാക് ബോളർമാരുടെ താളം തെറ്റിക്കാൻ കെല്പുള്ളതായിരുന്നു, 45 ബോളിൽ 6 ഫോറും 3 സിക്സും അടക്കം 71* റൺസ് ആണ് ഭാനുക രജപക്ഷ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനും തുടക്കത്തിൽ 2 വിക്കറ്റ് നഷ്ടമായെങ്കിലും, മുഹമ്മദ് റിസ്‌വാനും, ഇഫ്തിക്കാർ അഹമ്മദും പാകിസ്താനെ കരകയറ്റുകയായിരുന്നു, എന്നാൽ കണിശതയോടെ ബോൾ എറിഞ്ഞ ലങ്കൻ ബോളർമാർ ഇരുവർക്കും അടിച്ച് തകർക്കാനുള്ള അവസരം നൽകിയില്ല, അടിച്ചെടുക്കാനുള്ള റൺ റേറ്റ് കൂടി വന്നതോടെ ഇരുവരും സമ്മർദ്ദത്തിലായി, പിന്നീട് കൂറ്റനടികൾക്ക് ശ്രമിച്ച് പരാജയപ്പെട്ട് കൊണ്ട് ഓരോ പാക്കിസ്ഥാൻ ബാറ്ററും പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ചയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒടുവിൽ 147 റൺസിനു പാക്കിസ്ഥാൻ ഓൾ ഔട്ട് ആയി.
മത്സരത്തിന് ശേഷം ഇന്ത്യൻ താരം ഗൗതം ഗംഭീർ ശ്രീലങ്കൻ പതാക പിടിച്ച് നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, ഇന്ത്യ കൂടി ഉൾപ്പെട്ട ടൂർണമെന്റിൽ ഗംഭീറിന്റെ ഈ പ്രവർത്തി ഇന്ത്യൻ ടീമിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചില ആരാധകർ അഭിപ്രായം പങ്ക് വെച്ചു, ഇതിപ്പോൾ പാക്കിസ്ഥാൻ ആണ് ജയിച്ചതെങ്കിൽ താങ്കൾ അവരുടെ പതാക പിടിച്ച് നിൽക്കുമോ എന്നും ചില ആരാധകർ ഈ വീഡിയോക്ക് താഴെ അഭിപ്രായം പങ്ക് വെച്ചു.
ക്രിക്കറ്റ് ആയാലും ഏത് കായിക ഇനമായാലും അതിൽ രാഷ്ട്രീയം കലർത്തുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല, ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ നിർണായക സമയത്ത് അർഷ്ദീപ് സിംഗ് ആസിഫ് അലിയുടെ അനായാസമായൊരു ക്യാച്ച് നിലത്തിട്ടു, അതിന്റെ പേരിൽ നമുക്ക് അയാളെ വിമർശിക്കാൻ സ്വാതന്ത്രമുണ്ട് എന്ന് കരുതി അയാളെ രാജ്യദ്രോഹി, ഘാലിസ്ഥാൻ തീവ്രവാദി എന്നൊന്നും മുദ്ര കുത്താൻ ഒരാൾക്കും അവകാശമില്ല, തെറ്റുകൾ മനുഷ്യസഹജമാണ് അത്രയും സമ്മർദ്ദഘട്ടത്തിൽ യുവതാരമായ അദ്ദേഹത്തിൽ നിന്നും അങ്ങനൊരു കൈയബദ്ധം സംഭവിച്ചു, ടെലിവിഷനിൽ കളി കണ്ടു കൊണ്ടിരിക്കുന്ന നമ്മൾ ആ സമയം എത്ര സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ അതിന്റെ എത്ര മടങ്ങു ഗ്രൗണ്ടിൽ നിൽക്കുന്ന ഒരു യുവതാരത്തിന് ഉണ്ടാകുമെന്നത് ഊഹിക്കാമല്ലോ,
നാട്ടിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ളവർക്ക് അറിയാം ആ സമയം അനുഭവിക്കുന്ന സമ്മർദ്ദം അതിന്റെ നൂറിരട്ടി സമ്മർദ്ദം ആയിരിക്കും ഒരു ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ ഒരു താരത്തിന് ഉണ്ടാവുക, ഇതിൽ വിരോധാഭാസം എന്തെന്ന് വെച്ചാൽ ജീവിതത്തിൽ ഇത് വരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തവരും ക്രിക്കറ്റിനെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരും ആകും ചിലരെ രാജ്യദ്രോഹി ആക്കാൻ മുൻപന്തിയിൽ, അവരോടൊക്കെ ഒന്നേ പറയാൻ ഉള്ളു ഇത് മത്സരമാണ് യുദ്ധമല്ല, ക്രിക്കറ്റ് മൈതാനങ്ങളെ വർഗീയമായ ചേരി തിരിവുകൾക്ക് ഉപയോഗിക്കുന്നത് യഥാർഥ ക്രിക്കറ്റ് പ്രേമികൾ ഒരു കാലത്തും അനുകൂലിക്കില്ല.