ഈ വർഷത്തെ ലജൻഡ്സ് ലീഗ് ക്രിക്കറ്റിന് ഉദ്ഘാടനം കുറിച്ചുകൊണ്ട് നടക്കുന്ന പ്രത്യേക ചാരിറ്റി മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ടീം വേൾഡ് ജയന്റ്‌സ് ടീമിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ജയന്റ്സ് നായകൻ ജാക്ക് കാലിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ മലയാളി താരം എസ് ശ്രീശാന്ത് ടീമിൽ ഇടംപിടിച്ചു.
ഒരു സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ആയി ഗ്രൗണ്ടിൽ ഇറങ്ങിയ പർവീന്ദർ അവാനയുടെ കിടിലൻ ക്യാച്ച് ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ പതിനാറാം ഓവറിൽ ആയിരുന്നു സംഭവം. ആദ്യ നാല് പന്തുകൾ എറിഞ്ഞ ശേഷം കാലിന് പരുക്കേറ്റ അശോക് ദിൻഡ മൈതാനം വിടുകയായിരുന്നു. അതിൽ രണ്ട് സിക്സും വഴങ്ങിയിരുന്നു.
ഓവറിലെ അവസാന രണ്ട് പന്തുകൾ എറിഞ്ഞ് പൂർത്തിയാക്കാൻ അവസരം ലഭിച്ചത് വളരെ അപൂർവമായി മാത്രം പന്തെറിഞ്ഞു കണ്ടിട്ടുള്ള മുഹമ്മദ് കൈഫിനായിരുന്നു. ആദ്യ പന്തിൽ തന്നെ സിക്സ് വഴങ്ങുകയും ചെയ്ത ശേഷമാണ് അദ്ദേഹം അടുത്ത പന്തിൽ വിക്കറ്റ് നേടി അപകടകാരിയായ തിസാര പേരേരയെ പുറത്താക്കിയത്.
ഇടംകയ്യനായ പേരേരക്ക് ഓഫ് സ്‌റ്റമ്പിന് വെളിയിൽ ഇട്ടുകൊടുത്ത അദ്ദേഹം വൻ ഷോട്ട് കളിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ടൈമിംഗ് പിഴച്ച പെരേര അടിച്ച പന്ത് ഷോർട്ട് തേർഡ് മാനിൽ നിൽക്കുകയായിരുന്ന അവാന തന്റെ ഇടതു വശത്തേക്ക് ചാടി എടുക്കുകയായിരുന്നു. ഗ്രൗണ്ടിൽ തല അടിച്ച് വീണുപോയി എങ്കിലും ക്യാച്ച് മിസ്സാക്കിയില്ല അദ്ദേഹം. തുടർന്ന് എഴുന്നേറ്റ് നിന്ന് സഹതാരങ്ങളുടെ കൂടെ വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോൾ അദ്ദേഹം തലയിൽ കൈവെച്ച് നിൽക്കുന്നത് കാണാമായിരുന്നു.
16 പന്തിൽ ഒരു ബൗണ്ടറിയും 2 സിക്സും അടക്കം 23 റൺസ് എടുത്താണ് പെരേര പുറത്തായത്. അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ കെവിൻ ഒബ്രെയാന്റെയും അവസാന ഓവറുകളിൽ അടിച്ച് തകർത്ത വിക്കറ്റ് കീപ്പർ ദിനേശ് രംദിന്റെയും മികവിലാണ് വേൾഡ് ജയന്റ്സ് നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയത്. കെവിൻ ഒബ്രിയെൻ 31 പന്തിൽ 9 ബൗണ്ടറിയും 1 സിക്സും അടക്കം 52 റൺസും ദിനേശ് രംദിൻ 29 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറിയും 1 സിക്സും അടക്കം 42* റൺസും എടുത്തു.
നാല് ഓവറിൽ ഒരു മയ്‌ഡൻ അടക്കം വെറും 26 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പങ്കജ് സിംഗ് ബോളർമാരിൽ മികച്ചുനിന്നു. നായകൻ ഹർഭജൻ സിംഗും ജോഗിന്ദേർ ശർമയും കൈഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരം എസ് ശ്രീശാന്തിന് വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞില്ല. മൂന്ന് ഓവർ എറിഞ്ഞ അദ്ദേഹം 46 റൺസ് ആണ് വഴങ്ങിയത്.
കൈഫിന്റെ പന്തിൽ കിടിലൻ ക്യാച്ച് എടുത്ത് അവാന; വീഡിയോ കാണാം.