നമ്മുടെ ഒക്കെ ചെറുപ്പത്തിൽ തൊട്ടേ കണ്ടു തുടങ്ങിയ ഒരു കാഴ്ചയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റർ വീരേന്ദർ സെവാഗ് ബാറ്റിംഗ് തുടങ്ങുന്ന രീതി. നേരിടുന്ന ആദ്യ പന്തിൽ തന്നെ പന്തിനെ അതിർത്തി കടത്തി ആരംഭിക്കുന്ന ശീലമാണ് അദ്ദേഹത്തിന്. അതിന് കഴിഞ്ഞില്ലെങ്കിൽ ആദ്യ റൺസ് നേടുന്നത് ഒരു ബൗണ്ടറിയിലൂടെയായിരിക്കും. എങ്ങനെ പോയാലും തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.
ഈ ശൈലിയുടെ പേരിൽ ഒരുപാട് വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ടെങ്കിലും ഒരുകാലത്തും ഇതിന് മാറ്റം വരുത്താൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. ബോളർമാരുടെ ആത്മവിശ്വാസത്തെ തകർക്കാൻ ഇത് ഉപകരിക്കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നും അതിൽ അദ്ദേഹം വിജയിക്കണം എന്നൊന്നുമില്ല. ഇന്നത്തെ മത്സരം തന്നെ അതിന് മികച്ച ഒരു ഉദാഹരണം.
171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മഹാരാജാസ് ടീമിന് വേണ്ടി ഓപ്പണർമാരായി ഇറങ്ങിയത് സേവാഗും പാർഥിവ് പട്ടേലുമാണ്. ഫിഡൽ എഡ്വേർഡ്സ് ആയിരുന്നു പന്തുമായി എത്തിയത്. നേരിട്ട മൂന്നാം പന്തിൽ തന്നെ ബൗണ്ടറി നേടി തന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്ത സെവാഗ് ഇന്നും തനിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിച്ചു. എങ്കിലും പിന്നീട് അഞ്ചാം പന്തിൽ തത്തേണ്ട ടൈബുവിന് ക്യാച്ച് നൽകി അദ്ദേഹം മടങ്ങുകയായിരുന്നു.
മത്സരത്തിന് നേരത്തെ പ്രഖ്യാപിച്ച സൗരവ് ഗാംഗുലിയുടെ അഭാവത്തിൽ ഇന്ത്യ മഹാരാജാസ് ടീമിനെ വീരേന്ദർ സെവാഗ് നയിക്കും എന്നാണ് അറിയിച്ചിരുന്നത്. എങ്കിലും ഹർഭജൻ സിംഗാണ് ഇന്ന് നായകൻ ആയെത്തിയത്. ജാക് കാലിസ് വേൾഡ് ജയന്റ്സ് ടീമിനെ നയിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോഴത്തെ ഇന്ത്യൻ ദേശീയ ടീമും ലോകക്രിക്കറ്റിലെ മുൻനിര താരങ്ങളുടെ ഒരു വേൾഡ് ഇലവൻ ടീമും തമ്മിലുള്ള മത്സരമാണ് ഇന്ത്യ ഗവണ്മെന്റ് ആഗ്രഹിച്ചത്. എങ്കിലും തിരക്കേറിയ ഷെഡ്യൂൾ മൂലം ഇന്ത്യൻ ദേശീയ ടീമിന് പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി ഉള്ള ലജൻഡ്സ് മത്സരം നടത്താൻ നിശ്ചയിച്ചത്. നാളെ മുതൽ ആരംഭിക്കുന്ന ലജൻഡ്സ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ന് ആ ചാരിറ്റി മത്സരം സംഘടിപ്പിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ വേൾഡ് ജയന്റ്സ് ടീം നായകൻ ജാക് കാലിസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് ആണ് അവർ നേടിയത്. ഓപ്പണർ കെവിൻ ഒബ്രിയെൻ 31 പന്തിൽ 9 ബൗണ്ടറിയും 1 സിക്സും അടക്കം 52 റൺസും വിക്കറ്റ് കീപ്പർ ദിനേശ് രംദിൻ 29 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറിയും 1 സിക്സും അടക്കം 42* റൺസും എടുത്തു. നാല് ഓവറിൽ ഒരു മയ്‌ഡൻ അടക്കം വെറും 26 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പങ്കജ് സിംഗ് ബോളർമാരിൽ മികച്ചുനിന്നു. 3 ഓവറിൽ 46 റൺസ് വഴങ്ങിയ മലയാളി താരം എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 7 ഓവറിൽ സ്കോർബോർഡിൽ 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന യുസുഫ് പഠാനും തന്മയ് ശ്രീവാസ്തവയും അർദ്ധ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ പ്രധാന പങ്കുവഹിച്ചു. 39 പന്തിൽ നിന്നും 8 ബൗണ്ടറിയും ഒരു സിക്സും അടക്കം 54 റൺസ് നേടി ശ്രീവാസ്തവ പുറത്തായി എങ്കിലും യുസുഫിന്റെ സഹോദരൻ ഇർഫാൻ പഠാൻ എത്തിയതോടെ ഇന്ത്യൻ വിജയം എളുപ്പമായി. യുസുഫ് 35 പന്തിൽ 5 ബൗണ്ടറിയും 2 സിക്സും അടക്കം 50 റൺസും ഇർഫാൻ 9 പന്തിൽ നിന്നും 3 സിക്സ് നേടി 20 റൺസും എടുത്തു പുറത്താകാതെ നിന്നു. 8 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം.
പതിവ് തെറ്റിക്കാതെ സെവാഗ്, ഇന്നിങ്സ് ഓപ്പൺ ചെയ്തത് ബൗണ്ടറി നേടി. പക്ഷെ ,ഫോർ അടിച്ച ശേഷം ഔട്ട് ; വീഡിയോ കാണാം.