ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ 209 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 15 ഓവറിൽ 148 റൺസ് നേടിയിട്ടുണ്ട്. 4 പന്തിൽ 2 റൺസുമായി വേഡും 6 പന്തിൽ 7 റൺസുമായി ഡേവിഡുമാണ് ക്രീസിൽ. ഓപ്പണറായി ഇറങ്ങിയ ഗ്രീനിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ അതിവേഗം ഉയർത്തിയത്.
30 പന്തിൽ 4 സിക്‌സും 8 ഫോറും ഉൾപ്പെടെ 61 റൺസ് നേടിയാണ് പുറത്തായത്. അക്‌സറിന്റെ ഓവറിൽ ലഭിച്ച ക്യാച്ച് കോഹ്ലി ഭദ്രമാക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. നേരെത്തെ ഗ്രീനിന്റെ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു. 13 പന്തിൽ 22 റൺസ് നേടിയ ഫിഞ്ചിനെയും അക്‌സർ പട്ടേൽ തന്നെയാണ് പുറത്താക്കിയത്.
പിന്നാലെ 11.2 ഓവറിൽ 122 റൺസ് എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയെ തൊട്ടടുത്ത 4 പന്തിൽ 2 വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് സമ്മർദ്ദത്തിലാക്കി. സ്മിത്തിനെയും മാക്‌സ്വെല്ലിനേയും വിക്കറ്റ് കീപ്പർ കാർത്തിക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യം എറിഞ്ഞ 8 പന്തിൽ 26 റൺസ് വഴങ്ങിയതിന് പിന്നാലെയാണ് ഉമേഷ് യാദവിന്റെ ഈ തകർപ്പൻ തിരിച്ചുവരവ്.
2 വിക്കറ്റും റിവ്യൂവിന് ശേഷമാണ് ലഭിച്ചത്. മാക്‌സ്വെല്ലിനെതിരായ റിവ്യൂവിനിടെ ആരാധകരിൽ ചിരിപ്പടർത്തി രസകരമായ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.
എന്തോ കാര്യത്തിന് രോഹിത് കാർത്തിക്കിനോടെ ദേഷ്യപ്പെടുന്നതും, മറുപടിയായി കാർത്തിക് പൊട്ടിചിരിക്കുന്നതുമാണ് സംഭവം. പിന്നാലെ കാർത്തിക്കിന്റെ താടി പിടിച്ച് തമാശരൂപേണ ദേഷ്യപ്പെടുന്നത് പോലെ കാണിക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
നേരെത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 208 റൺസ് നേടി. 30 പന്തിൽ 5 സിക്‌സും 7 ഫോറും ഉൾപ്പെടെ 71 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. അവസാന ഓവറിലെ അവസാന 3 പന്തിൽ കാമെറോണ് ഗ്രീനിനെതിരെ ഹാട്രിക് സിക്സ് പറത്തിയാണ് 190ൽ ഉണ്ടായിരുന്ന ഇന്ത്യൻ സ്‌കോർ 208ൽ എത്തിച്ചത്.
ഓപ്പണർ കെഎൽ രാഹുലും (35 പന്തിൽ 55) സൂര്യകുമാർ യാദവും (25 പന്തിൽ 46) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രകടനത്തിൽ നിരാശപ്പെടുത്തി.