ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ പരാജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെയും(55) 46 റൺസ് എടുത്ത സൂര്യകുമാറിന്റെയും, അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തിയ ഹാർദിക്ക് പാണ്ഡ്യയുടെയും (71*) ഇന്നിംഗ്സ് മികവിൽ നിശ്ചിത 20 ഓവറിൽ 208/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം, മറുവശത്ത് കെ. എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് ചലിച്ച് കൊണ്ടിരുന്നു, രോഹിത്തിന് പുറമെ വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലിയും (2) പെട്ടന്ന് പുറത്തായി.
രാഹുലിനൊപ്പം സൂര്യകുമാർ യാദവ് ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാറിന് സാധിച്ചു, പിന്നീട് ഹാർദിക്ക് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് റോക്കറ്റ് വേഗത്തിൽ കുതിച്ചു, വെറും 30 പന്തിൽ ആണ് 7 ഫോറും 5 സിക്സും അടക്കം ഹാർദിക്ക് പുറത്താകാതെ 71* റൺസ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അതേ നാണയത്തിൽ മറുപടി കൊടുത്തത് ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൂൺ ഗ്രീൻ ആണ് തുടക്കത്തിൽ തന്നെ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ഗ്രീൻ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പായിച്ച് എടുക്കാനുള്ള റൺ റേറ്റ് വരുതിയിൽ നിർത്തി, 5 ആം ഓവറിൽ ചഹലിന്റെ ബോൾ സ്വീപ് ചെയ്യാനുള്ള ഗ്രീനിന്റെ ശ്രമം പരാജയപ്പെട്ട് ബോൾ പാഡിൽ പതിച്ചിരുന്നു,
എന്നാൽ ബോളറോ വിക്കറ്റ് കീപ്പറോ ആരും തന്നെ വിക്കറ്റിനായി അപ്പീൽ പോലും ചെയ്തിരുന്നില്ല, എന്നാൽ റീപ്ലേയിൽ അത് ഔട്ട് ആണെന്ന് വ്യക്തമായിരുന്നു, പിന്നീട് 61 റൺസ് നേടിയ ഗ്രീനിനെ 10 ആം ഓവറിൽ അക്സർ പട്ടേൽ ആണ് വീഴ്ത്തിയത്, കിട്ടിയ വിക്കറ്റ് അപ്പീൽ പോലും ചെയ്യാതെ നഷ്ടപ്പെടുത്തിയതിന് ഇന്ത്യക്ക് മത്സരത്തിൽ വലിയ വില നൽകേണ്ടി വന്നു.