ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോൽവി. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ അവർ മറികടന്നു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്സർ പട്ടേൽ ഒഴികെയുള്ള ബോളർമാരുടെ മോശം ഫോം ആണ് ഇന്ത്യക്ക് വിനയായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രോഹിതിന്റെയും കോഹ്‌ലിയുടെയും വിക്കറ്റ് നഷ്ടമായി. രോഹിത് 11 റൺസും കോഹ്‌ലി 2 റൺസുമാണ് എടുത്തത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും സൂര്യയും ചേർന്ന കൂട്ടുകെട്ട് ആണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 42 പന്തിൽ നിന്നും 68 റൺസാണ് നേടിയത്. പിന്നീട് എത്തിയ ഹർധിക് പാണ്ഡ്യ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്.
ഇന്ത്യക്കായി കെ എൽ രാഹുൽ 35 പന്തുകളിൽ നിന്നും 4 ബൗണ്ടറിയും 3 സിക്സും അടക്കം 55 റൺസും, സൂര്യകുമാർ യാദവ് 25 പന്തുകളിൽ നിന്നും 2 ബൗണ്ടറിയും 4 സിക്സും അടക്കം 46 റൺസും എടുത്തപ്പോൾ ഹാർഥിക് പാണ്ഡ്യ 30 പന്തിൽ നിന്നും 7 ബൗണ്ടറിയും 5 സിക്സും അടക്കം 71 റൺസുമാണ് അടിച്ചുകൂട്ടിയത്. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. നാഥാൻ എല്ലിസ് മൂന്ന് വിക്കറ്റും ജോഷ് ഹസിൽവുഡ് 2 വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മികച്ച രീതിയിൽ തന്നെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ആദ്യ പന്തിൽ തന്നെ ഭുവനേശ്വർ കുമാറിനെ സിക്സ് പറത്തി നായകൻ ആരോൺ ഫിഞ്ച്. ഉമേഷ് യാദവ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ നാല് പന്തുകളും അതിർത്തി കടത്തി ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിച്ച കാമറോൺ ഗ്രീൻ. 30 പന്തിൽ നിന്നും 8 ബൗണ്ടറിയും 4 സിക്സും അടക്കം 61 റൺസ് എടുത്ത ഗ്രീനിനെയും 13 പന്തിൽ 22 റൺസ് എടുത്ത ഫിഞ്ചിനെയും അക്സർ മടക്കി. ഗ്രീൻ തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും.
ഉമേഷ് യാദവ് എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് ആണ് വീണത്. ആദ്യ പന്തിൽ സ്കൂപ്പ് ഷോട്ട് സിക്സും രണ്ടാം പന്തിൽ ഒരു കിടിലൻ ബൗണ്ടറിയും നേടിയ സ്റ്റീവൻ സ്മിത്തിനെ മൂന്നാം പന്തിൽ കാർത്തിക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സ്വീപ് ഷോട്ട് കളിക്കാനായി ഓഫ് സ്റ്റമ്പിനു അപ്പുറത്തേക്ക് നീങ്ങിയ സ്മിത്തിന്റെ ഭാഗത്തേക്ക് തന്നെ ഉമേഷ് ഏറിഞ്ഞതോടെ തേർഡ് മാനിലേക്ക് കളിക്കാൻ ശ്രമിച്ച സ്മിത്തിന്റെ ബാറ്റിൽ ഉരസി പന്ത് കീപ്പർ ക്യാച്ച് ആവുകയായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ നിന്ന സ്‌മിത്തിനെ നോക്കി അമ്പയർ നോട്ട് ഔട്ട് വിളിച്ചു. എന്നാൽ ബാറ്റിൽ കൊണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ചു രോഹിത് റിവ്യൂ നൽകുകയും അത് ഔട്ട് ആണെന്ന് തെളിയുകയും ചെയ്തു.
മലയാളിയായ കെ എൻ അനന്തപത്മനാഭൻ ആയിരുന്നു ആ ഓവറിലെ അമ്പയർ. പിന്നീട് ആ ഓവറിലെ അവസാന പന്തിലും മക്‌സ്‌വെൽ പുറത്തായപ്പോൾ നോട്ട് ഔട്ട് ആണ് ആദ്യം വിളിച്ചത്. എന്നാൽ അതും റിവ്യൂ കൊടുത്ത് ഇന്ത്യ വിക്കറ്റ് നേടിയെടുത്തു. അതും കീപ്പർ ക്യാച്ച് തന്നെയായിരുന്നു. മത്സരത്തിൽ ഇതോടെ ഇന്ത്യ പിടിമുറുക്കി എന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ മാത്യൂ വെയ്ഡും ടിം ഡെവിഡും ചേർന്ന കൂട്ടുകെട്ട് അവരെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 21 പന്തിൽ നിന്നും 6 ബൗണ്ടറിയും 2 സിക്സും അടക്കം 45 റൺസ് എടുത്ത വെയ്ഡ് പുറത്താകാതെ നിന്നു. 14 പന്തിൽ നിന്നും ഒന്നുവീതം ബൗണ്ടറിയും സിക്സും നേടി 18 റൺസ് എടുത്ത ടിം അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സ് അടിച്ച് വിജയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പുറത്തായി. എങ്കിലും പിനീടെത്തിയ കമ്മിൻസ് രണ്ടാം പന്തിൽ ബൗണ്ടറി നേടി വിജയത്തിൽ എത്തിച്ചു.