ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. 21 പന്തിൽ പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്‌ഡിനൊപ്പം ഓപ്പണിങ്ങിൽ കാമറൂൺ ഗ്രീനിന്റെ തകർപ്പൻ ഇന്നിംഗ്‌സുമാണ് നാല് പന്തുകൾ ബാക്കി നിൽക്കെ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് കുതിക്കാൻ സഹായിച്ചത്.
209 വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഓൾ റൗണ്ടർ ഗ്രീൻ സമ്മാനിച്ചത്. ബൗളിങ്ങിൽ അത്ര നല്ല ദിവസം അല്ലാതിരുന്ന ഗ്രീൻ ( 3 ഓവറിൽ 45 റൺസ് വഴങ്ങി) അത് ബാറ്റിങ്ങിൽ മാറ്റിയെടുത്തു. പുറത്താവുമ്പോൾ 30 പന്തിൽ 4 സിക്‌സും 8 ഫോറും ഉൾപ്പെടെ 61 റൺസാണ് നേടിയത്.
ഉമേഷ് യാദവും, ചാഹലും ഗ്രീനിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. മറുവശത്ത് ക്യാപ്റ്റൻ ഫിഞ്ചും ആക്രമിച്ച് കളിക്കുകയായിരുന്നു, എന്നാൽ അതികം ആയുസ്സുണ്ടായിരുന്നില്ല, അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡ്. 13 പന്തിൽ 22 റൺസാണ് നേടിയത്.
വിജയലക്ഷ്യത്തിലേക്ക് 10ന് മുകളിൽ റൺറേറ്റിൽ ഓസ്‌ട്രേലിയ കുതിക്കുന്നതിനിടെ 12ആം ഓവറിൽ ഉമേഷ് യാദവ് മാക്‌സ്വെല്ലിനെയും സ്മിത്തിനെയും ഇരട്ട പ്രഹരം നൽകി. 24 പന്തിൽ 35 റൺസ് സ്മിത്ത് നേടിയിരുന്നു. മാക്‌സ്വെൽ 1 റൺസ് മാത്രമാണ് നേടിയത്. ഓസ്‌ട്രേലിയ പരുങ്ങലിൽ ആയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ വേഡ് അവസരോചിതമായി ഉയർന്നത് ഓസ്‌ട്രേലിയയ്ക്ക് 4 പന്തുകൾ ബാക്കി നിൽക്കെ ജയം സമ്മാനിച്ചു.
21 പന്തിൽ 45 റൺസാണ് വേഡ് പുറത്താകാതെ അടിച്ചു കൂട്ടിയത്. ഇന്ത്യൻ ബൗളർമാരിൽ അക്‌സർ പട്ടേൽ ഒഴികെ ബാക്കിയുള്ളവരെല്ലാം 10 എക്കോണമിയിലാണ് റൺസ് വിട്ടു നൽകിയത്. അക്‌സർ പട്ടേൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 52 റൺസ് നൽകിയ ഭുവനേശ്വർ കുമാറിന്റെതാണ് എക്‌സ്പെൻസിവ് ഓവർ.
അതേസമയം ഓസ്‌ട്രേലിയൻ ഇന്നിങ്സിനിടെ രാഹുലും കോഹ്‌ലിയും തമ്മിലുള്ള ആശയക്കുഴപ്പം രസകരമായ സംഭവത്തിലേക്ക് വഴിവെച്ചിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ഫിഞ്ച് ഭുവനേശ്വർ കുമാറിന്റെ ഡെലിവറിയിൽ തൊടുത്തു വിട്ട ഷോട്ടിന് പിറകിൽ ആർ ഓടുമെന്നതാണ് ആശയക്കുഴപ്പത്തിലാക്കിയത്. ഒടുവിൽ രാഹുൽ നിന്നതോടെ കോഹ്ലി അതിവേഗത്തിൽ ഓടി എടുക്കുകയായിരുന്നു. ഇത് കാരണം 1 അധിക റൺസ് വഴങ്ങേണ്ടി വന്നു.