ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റിന്റെ ജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെയും(55) അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തിയ ഹാർദിക്ക് പാണ്ഡ്യയുടെയും (71*) ഇന്നിംഗ്സ് മികവിൽ നിശ്ചിത 20 ഓവറിൽ 208/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി. പക്ഷെ ബോളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ തീർത്തും പരാജയം ആയപ്പോൾ മത്സരം ഇന്ത്യയുടെ കൈയിൽ നിന്നും വഴുതി മാറി.
മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയച്ചു, ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം, രോഹിത്തിന് പുറമെ വിരാട് കോഹ്ലിയും നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലിയും (2) പെട്ടന്ന് പുറത്തായി.
രാഹുലിനൊപ്പം സൂര്യകുമാർ യാദവ് ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാറിന് സാധിച്ചു, പിന്നീട് ഹാർദിക്ക് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് റോക്കറ്റ് വേഗത്തിൽ കുതിച്ചു, വെറും 30 പന്തിൽ ആണ് 7 ഫോറും 5 സിക്സും അടക്കം ഹാർദിക്ക് പുറത്താകാതെ 71* റൺസ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അതേ നാണയത്തിൽ മറുപടി കൊടുത്തത് ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൂൺ ഗ്രീൻ ആണ് തുടക്കത്തിൽ തന്നെ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ഗ്രീൻ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പായിച്ച് എടുക്കാനുള്ള റൺ റേറ്റ് വരുതിയിൽ നിർത്തി, മറുവശത്ത് ഗ്രീനിന് പിന്തുണയുമായി സ്റ്റീവൻ സ്മിത്തും(35) ഉണ്ടായിരുന്നു, അവസാന ഓവറുകളിൽ 21 ബോളിൽ 45* റൺസുമായി മാത്യു വെയ്ഡ് കളം നിറഞ്ഞാടിയപ്പോൾ മത്സരം ആസ്‌ട്രേലിയയുടെ വരുതിയിലായി.
200 ന് മുകളിൽ റൺസ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാൻ കഴിയാതെ പോയതിന് പ്രധാന കാരണം ബോളർമാരുടെ കഴിവില്ലായ്മായും നിർണായക ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയതും ആണ്, അക്സർ പട്ടേൽ, കെ.എൽ രാഹുൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ ക്യാച്ച് വീതം നിലത്തിട്ടു, 5 ആം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ഗ്രീനിനെതിരെ അപ്പീൽ പോലും ചെയ്യാതെ മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം കളഞ്ഞു കുളിച്ചു,
ഈ ടീമിനെയും കൊണ്ടാണ് ഓസ്ട്രേലിയയിൽ ട്വന്റി-20 വേൾഡ് കപ്പിന് പോകുന്നതെങ്കിൽ പെട്ടന്ന് തന്നെ നാട്ടിൽ തിരിച്ചെത്താം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയം ആണെങ്കിൽ എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലത്തെ മത്സരം.