ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് മത്സര ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ അവർ മറികടന്നു. ഓപ്പണർ കാമറൂൺ ഗ്രീൻ, വിക്കറ്റ് കീപ്പർ മാത്യൂ വേയ്ഡ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ അവർക്ക് വിജയം എളുപ്പമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി കെ എൽ രാഹുൽ 35 പന്തുകളിൽ നിന്നും 4 ബൗണ്ടറിയും 3 സിക്സും അടക്കം 55 റൺസും, സൂര്യകുമാർ യാദവ് 25 പന്തുകളിൽ നിന്നും 2 ബൗണ്ടറിയും 4 സിക്സും അടക്കം 46 റൺസും എടുത്തപ്പോൾ ഹാർഥിക് പാണ്ഡ്യ 30 പന്തിൽ നിന്നും 7 ബൗണ്ടറിയും 5 സിക്സും അടക്കം 71 റൺസുമാണ് അടിച്ചുകൂട്ടിയത്. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രോഹിതിന്റെയും കോഹ്‌ലിയുടെയും വിക്കറ്റ് നഷ്ടമായി. രോഹിത് 11 റൺസും കോഹ്‌ലി 2 റൺസുമാണ് എടുത്തത്. നാഥാൻ എല്ലിസ് മൂന്ന് വിക്കറ്റും ജോഷ് ഹസിൽവുഡ് 2 വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.
209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർക്ക് മികച്ച തുടക്കമാണ് നായകൻ ആരോൺ ഫിഞ്ചും പുതിയ ഓപ്പണർ ഗ്രീനും ചേർന്ന് സമ്മാനിച്ചത്. പിന്നീട് ഇന്ത്യൻ ബോളർമാർ നിർണായക വിക്കറ്റുകൾ വീഴ്ത്തി. 30 പന്തിൽ നിന്നും 8 ബൗണ്ടറിയും 4 സിക്സും അടക്കം 61 റൺസ് എടുത്ത ഗ്രീനിനെയും 13 പന്തിൽ 22 റൺസ് എടുത്ത ഫിഞ്ചിനെയും അക്സർ മടക്കി. ഉമേഷ് യാദവ് ഒരോവറിൽ സ്മിത്തിനെയും മാക്സ്വെല്ലിനെയും പുറത്താക്കി. എങ്കിലും ഓസ്ട്രേലിയൻ ടീമിലെ അരങ്ങേറ്റ മത്സരം കളിക്കുന്ന ടിം ഡെവിഡിനെ കൂട്ടുപിടിച്ച് മാത്യൂ വേയ്ഡ് അവരെ വിജയത്തിൽ എത്തിച്ചു. 21 പന്തിൽ നിന്നും 6 ബൗണ്ടറിയും 2 സിക്സും അടക്കം 45 റൺസ് എടുത്ത വെയ്ഡ് പുറത്താകാതെ നിന്നു.
ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ ബൗണ്ടറി ലൈനിൽ നിന്നുള്ള ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ നടത്തിയ ഒരു സേവ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായികൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. നാഥൻ എല്ലിസ് ആയിരുന്നു ബോളർ. ആദ്യ പന്തിൽ തന്നെ ദിനേശ് കാർത്തിക് പുറത്തായതോടെ ഹാർഷൽ പട്ടേൽ ക്രീസിൽ എത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ അദ്ദേഹം ഒരു കിടിലൻ കവർ ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. അടുത്ത പന്തിൽ ലോങ് ഓണിലേക്ക് സിക്സ് അടിക്കാൻ ആയിരുന്നു ശ്രമം.
എന്നാൽ ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന മാക്സ്വെൽ വായുവിൽ ഉയർന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കി ഉടനെ ഗ്രൗണ്ടിന് ഉള്ളിലേക്ക് എറിഞ്ഞു. സിക്സ് ഉറപ്പിച്ചു റൺ ഓടാതെ നിൽക്കുകയായിരുന്നു ഹർഷൽ. അവിശ്വാസനീയ പ്രകടനം കാഴ്ച വെച്ച മാക്സ്വെൽ ആ ബോളിൽ വെറും ഒരു സിംഗിൾ മാത്രമായി ഒതുക്കി. മറുപടി ബാറ്റിങ്ങിൽ ഒരു റൺ മാത്രം നേടിയാണ് അദ്ദേഹം പുറത്തായത്. എങ്കിലും ആ ബൗണ്ടറി ലൈൻ സേവ് മികച്ചൊരു വീഡിയോ ആയിമാറി.