ഇന്നലെ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് നാല് വിക്കറ്റിന് തോറ്റിരുന്നു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ അവർ മറികടന്നു. ഓപ്പണർ കാമറൂൺ ഗ്രീൻ, വിക്കറ്റ് കീപ്പർ മാത്യൂ വേയ്ഡ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും മോശം പ്രകടനം കാഴ്ചവെച്ചപ്പോൾ അവർക്ക് വിജയം എളുപ്പമായി.
ബാറ്റിങ്ങിൽ രാഹുലും സൂര്യയും ഹാർദിക്കും തകർത്തടിച്ച് 200ന് മേലെ സ്കോർ കണ്ടെത്തിയിട്ടും ഇന്ത്യക്ക് തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല. നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ഒഴികെ മറ്റാർക്കും ബോളിങ്ങിൽ കാര്യമായി തിളങ്ങാൻ സാധിച്ചില്ല. ഇന്ത്യയുടെ സീനിയർ താരം ഭുവനേശ്വർ കുമാർ നാല് ഓവറിൽ വഴങ്ങിയത് 52 റൺസ്. അതുപോലെതന്നെ മറ്റുള്ളവരും 10 റൺസിന് മുകളിൽ ഇക്കോണമി നിരക്കിൽ പന്തെറിഞ്ഞു.
പരിക്കുമൂലം ഏഷ്യ കപ്പ് നഷ്ടമായ ഹർഷൽ പട്ടേലും ജെസ്പ്രീത് ബൂമ്രായും ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. എങ്കിലും ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ബൂംറക്ക് വിശ്രമം നൽകി ഒരുപാട് വർഷങ്ങൾക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയ ഉമേഷ് യാദവിന് അവസരം കൊടുത്തു. ഹർഷൽ പട്ടേൽ ആകട്ടെ നല്ലവണ്ണം റൺസ് വഴങ്ങുകയും ചെയ്തു. ടോസ് സമയത്ത് രോഹിത് പറഞ്ഞത് രണ്ടും മൂന്നും മത്സരങ്ങളിൽ ജസ്പ്രീത് ടീമിൽ മടങ്ങിയെത്തും എന്നാണ്. നേരത്തെ ടീമിൽ ഉണ്ടായിരുന്ന മുഹമ്മദ് ഷമിക്ക് കോവിഡ് ബാധിച്ചതോടെ ആണ് ഉമേഷിന്റെ ടീമിലേക്കുള്ള മടങ്ങിവരവ്.
മത്സരത്തിനിടെ ഉമേഷ് യാദവ് തുടരെ ബൗണ്ടറികൾ വഴങ്ങിയപ്പോൾ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ അന്തംവിട്ട് നിൽക്കുന്ന മുഖഭാവമാണ് ഇപ്പൊൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ഓസ്ട്രേലിയൻ ടീം വിജയലക്ഷ്യം പിന്തുടർന്ന സമയത്ത് രണ്ടാം ഓവർ എറിയാൻ എത്തിയത് ഉമേഷ് യാദവ് ആയിരുന്നു. സ്‌ട്രൈക്കിൽ ഉണ്ടായിരുന്നത് ആദ്യമായി ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിച്ചു വന്ന ഓൾറൗണ്ടർ കാമറോൺ ഗ്രീൻ.
എറിഞ്ഞ ആദ്യ നാല് പന്തുകളിൽ ബൗണ്ടറി നേടി ഗ്രീൻ നയം വ്യക്തമാക്കി. ഇത് കണ്ട് സ്തബ്ധനായി നിൽക്കുന്ന ഇന്ത്യൻ താരങ്ങളും ആരാധകരും, ഒപ്പം വിരാട് കോഹ്‌ലിയുടെ നിസ്സഹായ നോട്ടവും. നേരത്തെ ബാറ്റിങ്ങിൽ ഏഴ് പന്തിൽ നിന്നും രണ്ട് റൺസ് എടുത്താണ് കോഹ്‌ലി പുറത്തായത്. നതാൻ ഇല്ലിസിന്റെ പന്തിൽ മിഡ് ഓണിന് സിംപിൾ ക്യാച്ച്.
പിന്നീടും തകർത്തടിച്ച് 61 റൺസ് നേടിയ ഗ്രീൻ തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും. അവസാന ഓവറുകളിൽ മാത്യൂ വയ്ഡ് നടത്തിയ വെടിക്കെട്ട് ഓസ്ട്രേലിയൻ വിജയം പൂർണമാക്കി. ആദ്യ ഓവറിൽ 16 റൺസ് വഴങ്ങി എങ്കിലും പിന്നീട് ഒരു ഓവറിൽ രണ്ട് വിക്കറ്റ് ഉമേഷ് യാദവ് നേടിയിരുന്നു. എങ്കിലും പിന്നീട് ഒരു ഓവർ കൂടി അദ്ദേഹത്തിന് നൽകാതിരുന്ന രോഹിത്തിന്റെ തീരുമാനം ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു. ഡെത്ത് ഓവറുകളിൽ ഭുവനേശ്വർ കുമാറും ഹർശൽ പട്ടേലും നന്നായി തല്ലുവാങ്ങി.
4 4 4 4 !! നാല് ബൗണ്ടറി കൊടുത്തു ഉമേഷ് ,അന്തം വിട്ടു കോഹ്ലി ,വൈറൽ ആയ മുഖഭാവം വീഡിയോ കാണാം.