ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ട്വന്റി ട്വന്റി മത്സരം ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടും ഉള്ള ആരാധകർ. വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കേണ്ട മത്സരത്തിൽ ഇതുവരെ ടോസ് ഇടാൻ പോലും കഴിഞ്ഞിട്ടില്ല. പൂർണമായും ഉണങ്ങാതെ കിടക്കുന്ന ഔട്ട്ഫീൽഡ് ആണ് കാരണം. ആദ്യ മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് ഓസ്ട്രേലിയ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.
നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണി നിലനിന്നിരുന്നു. എങ്കിലും ഇന്ന് പകൽ മഴ പൂർണമായും മാറിനിന്നിട്ടുകൂടി ഇന്നലെ രാത്രി പെയ്ത മഴയിൽ നനഞ്ഞ ഔട്ഫീൽഡ് ഇപ്പോഴും ചില ഭാഗങ്ങളിൽ ഉണങ്ങാതെ കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഗ്രൗണ്ട് സ്റ്റാഫ് ചില ഭാഗങ്ങളിൽ അറക്കപൊടി വിതറി മത്സരം ആരംഭിക്കുന്നതിനായി മൈതാനം തയ്യാറാക്കി എങ്കിലും അമ്പയർമാർക്ക് പൂർണ്ണ തൃപ്തി കൈവന്നിട്ടില്ല.
എട്ടുമണിക്ക് നടത്തിയ രണ്ടാം ഘട്ട വിലയിരുത്തലിലും കാര്യമായി മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. അടുത്ത ഇൻസ്പക്ഷൻ എട്ടേമുക്കാലോടുകൂടി നടത്തും. ഏറ്റവും ചുരുങ്ങിയ രീതിയിൽ ഒരു അഞ്ചോവർ വീതമുള്ള മത്സരം നടക്കണം എങ്കിൽ, ഒൻപതേമുക്കാലോടുകൂടി മത്സരം ആരംഭിക്കണം. അല്ലാത്തപക്ഷം മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കും. ബോളർമാർ എറിയുന്ന ഭാഗത്താണ് കൂടുതൽ നനഞ്ഞുകിടക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കാരുടെ സേഫ്റ്റി ആണ് പ്രധാനം എന്ന് അമ്പയർമാർ വ്യക്തമാക്കി.
ഇരു ടീമുകളും ഗ്രൗണ്ടിൽ പരിശീലനം തുടരുന്നു. അതിനിടെ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബൂംറയും ഹാർധിക് പാണ്ഡ്യയും ബോളിങ് പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കാരണം, തങ്ങളുടെ സ്ഥിരം ശൈലിയിൽ അല്ല അവരുടെ ബോളിങ്. ഇന്ത്യൻ സീനിയർ താരവും ഓഫ്സ്പിന്നറൂമായ രവിചന്ദ്രൻ അശ്വിന്റെ കൂടെ ചേർന്ന് ഇരുവരും ഓഫ്സ്പിൻ ബോളിങ് രീതിയിൽ ഒരു കൈ നോക്കുകയാണ്.
ആദ്യം അശ്വിൻ ഒരു പന്ത് എറിയുന്നു, അതിനു ശേഷം ബൂംറ വന്ന് അതേപോലെ എറിയാൻ നോക്കുന്നു. ഇതുകണ്ട പാണ്ഡ്യയും ഇവരുടെ കൂടെ ചേരുന്നു. കുറച്ച് സമയം ഇവർ ഇതുപോലെ പന്തെറിഞ്ഞത് കാണികൾക്കും വേറിട്ട ഒരു അനുഭവമായി മാറി. എത്രയും വേഗം മത്സരം ആരംഭിക്കാൻവേണ്ടി കാത്തിരിക്കുകയാണ് അവർ.
പരിക്കുമൂലം ഏഷ്യ കപ്പ് നഷ്ടമായ ബൂംറ ട്വന്റി ട്വന്റി ലോകകപ്പ് ടീമിൽ ഇടം നേടിയിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയിലും താരം കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു എങ്കിലും ആദ്യ മത്സരത്തിൽ പൂർണ കായികക്ഷമത കൈവരിക്കാതിരുന്ന അദ്ദേഹത്തിന് പകരം ഉമേഷ് യാദവ് ഇറങ്ങുകയായിരുന്നു. അന്ന് ടോസ് സമയത്ത് നായകൻ രോഹിത് ശർമ പറഞ്ഞത് രണ്ടും മൂന്നും മത്സരങ്ങളിൽ അദ്ദേഹം ടീമിൽ തിരിച്ചെത്തും എന്നാണ്.