നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരെയും, ലോകമെമ്പാടും ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലും മൊബൈൽ ഫോണുകളിലും തൽസമയം കണ്ടവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യൻ ടീമിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം.
ആദ്യ മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച ഓസ്ട്രേലിയൻ ടീമിന് അതേ നാണയത്തിൽ മറുപടി നൽകാൻ സാധിച്ച ടീം ഇന്ത്യ പരമ്പര സമനിലയിൽ ആക്കുകയും ചെയ്തു. ഇതോടെ ഞായറാഴ്ച ഹൈദേരബാദിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം തീപാറുമെന്ന് ഏതാണ്ട് ഉറപ്പായി. നനഞ്ഞ ഔട്ഫീൽഡ് മൂലം ഇന്ന് മത്സരം പതിവുസമയത്ത് ആരംഭിക്കാൻ കഴിഞ്ഞില്ല.
8 ഓവറാക്കി ചുരുക്കിയ മത്സരം ആരംഭിച്ചത് ഏഴ് മണിക്ക് പകരം ഒൻപതരയോടെയാണ്. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബൂംറ ടീമിൽ മടങ്ങിയെത്തി. പേസർ ഭുവനേശ്വർ കുമാറിനു പകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിൽ ഇടംപിടിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയൻ ടീം 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന മികച്ച സ്കോർ കണ്ടെത്തി. 20 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 43 റൺസ് എടുത്ത വിക്കറ്റ് കീപ്പർ മാത്യൂ വെഡ് ആണ് ടോപ് സ്കോറർ. നായകൻ ആരോൺ ഫിഞ്ച് 15 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 31 റൺസ് എടുത്ത് മികച്ച പിന്തുണ നൽകി. സ്പിന്നർ അക്സർ പട്ടേൽ രണ്ട് ഓവറിൽ വെറും 13 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ വീഴ്ത്തി. ബൂംറ ഒരു കിടിലൻ യോർക്കറിലൂടെയാണ് ഫിഞ്ചിനേ പുറത്താക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിതിന്റെ തകർപ്പൻ അടികളിലൂടെ മത്സരത്തിൽ തുടക്കം മുതലേ മുൻതൂക്കം നേടി. 20 പന്തിൽ നാല് വീതം ബൗണ്ടറിയും സിക്സും സ്വന്തമാക്കിയ രോഹിത് 46 റൺസൊടെ പുറത്താകാതെ നിന്നു. സ്പിന്നർ ആദം സംബ മൂന്ന് വിക്കറ്റ് വീഴ്ത്തി. പത്ത് റൺസ് എടുത്ത രാഹുലിനെയും 11 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും ക്ലീൻ ബോൾഡ് ആക്കിയപ്പോൾ, നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവിനെ വിക്കറ്റിന് മുന്നിൽ കുരുക്കുകയും ചെയ്തു സാംബ. 9 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യയെ കമ്മിൻസും പുറത്താക്കിയതോടെ ഇന്ത്യൻ ആരാധകർ ആകാംക്ഷയിലായി.
എങ്കിലും ഋഷഭ് പന്തിനുപകരം ദിനേശ് കാർത്തിക് ആണ് ക്രീസിൽ എത്തിയത്. അവസാന ഓവറിൽ 9 റൺസ് ആണ് ഇന്ത്യക്ക് ജയിക്കാൻ ഉണ്ടായിരുന്നത്. രോഹിത് നോൺ സ്ട്രൈക്കർ എൻഡിലും. ഡാനിയേൽ സാംസ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബാക്ക്വർഡ് സ്ക്വയർ ലെഗ്ഗിലേക്ക് സിക്സ് അടിച്ച് കാർത്തിക് ഇന്ത്യൻ ആരാധകരുടെ ശ്വാസം നേരെവീഴ്ത്തി. രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറിയും നേടിയതോടെ ഇന്ത്യൻ പതാകകൾ ഗാലറിയിൽ പാറിപ്പറന്നു. ഇനി അവസാന അങ്കത്തിനായി ഒരിക്കൽ കൂടി ഇരു ടീമുകളും ഏറ്റുമുട്ടുന്നു, ഞായറാഴ്ച ഹൈദരാബാദിൽ.