ഇംഗ്ലണ്ടും പാകിസ്താനുമായുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനു 63 റൺസ് ജയം, ഇതോടെ 7 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 നു മുന്നിലെത്തി, കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, വിൽ ജാക്സ് ഇംഗ്ലണ്ടിനായി ഈ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.
വിക്കറ്റ് കീപ്പർ ഫിലിപ്പ് സാൾട്ടും വിൽ ജാക്സും ആണ് ഇംഗ്ലണ്ടിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്, തുടക്കത്തിൽ തന്നെ ഫിലിപ്പ് സാൾട്ടിനെ (8) വീഴ്ത്തി മുഹമ്മദ് ഹസ്നൈൻ പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, മറുവശത്ത് അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കാൻ വിൽ ജാക്സിന് സാധിച്ചു, വെറും 22 ബോളിൽ 8 ഫോർ അടക്കം 40 റൺസ് നേടിക്കൊണ്ട് താരം ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.
പിന്നാലെ പാക്കിസ്ഥാൻ സ്പിൻ ബോളർ ഉസ്മാൻ ഖാദിർ വിൽ ജാക്ക്സിനെയും ഡേവിഡ് മലാനെയും (14) വീഴ്ത്തി പാകിസ്താനെ മൽസരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, പിന്നീട് ക്രീസിൽ ഒന്നിച്ച ബെൻ ഡക്കറ്റും(70) ഹാരി ബ്രൂക്കും(81) കത്തിക്കയറിയപ്പോൾ പാക്കിസ്ഥാൻ ബോളർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല, ഇരുവരും ആക്രമിച്ച് കളിച്ചതോടെ ഇംഗ്ലണ്ട് സ്കോർബോർഡ് ശര വേഗത്തിൽ കുതിച്ചു, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 139 റൺസിന്റെ അപരാജിത കൂട്ട്കെട്ട് ഉണ്ടാക്കിക്കൊണ്ട് ഇംഗ്ലണ്ടിന് 221/3 എന്ന കൂറ്റൻ ടോട്ടൽ നേടിക്കൊടുത്തു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനെയും (8) ബാബർ അസമിനെയും (8) നഷ്ടമായി, ഇംഗ്ലണ്ട് ബോളർമാർ മികച്ച രീതിയിൽ ബോൾ എറിഞ്ഞപ്പോൾ 28/4 എന്ന നിലയിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞു, പിന്നീട് ഷാൻ മസൂദ് (66*) കുഷ്ദിൽ ഷാ (29) മുഹമ്മദ് നവാസ് (19) എന്നിവർ പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ട് ഉയർത്തിയ വലിയ ലക്ഷ്യത്തിനടുത്തെത്താൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 158/8 എന്ന നിലയിൽ പാക്കിസ്ഥാൻ ഇന്നിംഗ്സിന് അവസാനിച്ചു, 63 റൺസ് വിജയവുമായി ഇംഗ്ലണ്ട് പരമ്പരയിൽ 2-1 നു മുന്നിലെത്തുകയും ചെയ്തു, ഇംഗ്ലണ്ടിന് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡ് ബോളിങ്ങിൽ തിളങ്ങി.
മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിടെ 17 ആം ഓവർ ചെയ്യാനെത്തിയ ഹാരിസ് റൗഫിന്റെ ബോൾ അടിക്കാൻ ശ്രമിച്ച ഹാരി ബ്രൂക്കിന്റെ ശ്രമം പാഴായി, ബാറ്റിൽ കൊണ്ട പന്ത് ബ്രൂക്കിന്റെ ഹെൽമെറ്റ് ഗ്രില്ലിനകത്തേക്ക് കയറുകയായിരുന്നു, ഒരു നിമിഷം ബോൾ എവിടെ പോയെന്നു അറിയാതെ ഹാരി ബ്രൂക്ക് ചുറ്റും നോക്കി, ഈ സംഭവം ഗ്രൗണ്ടിലും കമന്ററി ബോക്സിലും ചിരി പടർത്തി,
മത്സരത്തിൽ പുറത്താകാതെ 81 റൺസ് എടുത്ത ഹാരി ബ്രൂക്കിന്റെ ഇന്നിങ്ങ്സ് ആണ് ഇംഗ്ലണ്ടിനെ കൂറ്റൻ ടോട്ടൽ നേടാൻ സഹായിച്ചത്, കളിയിലെ താരമായും ബ്രൂക്ക് തിരഞ്ഞെടുക്കപ്പെട്ടു, പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ 25 ഞായറാഴ്ച നടക്കും.
Written By: അഖിൽ. വി. പി. വള്ളിക്കാട്.