ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്ത് വാരി, ലോർഡ്സിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അമി ജോൺസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യയുടെ ജുലാൻ ഗോസ്വാമിയുടെ അവസാന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു ഷഫാലി വർമയെയും, യാസ്തിക ഭാട്ടിയയെയും പൂജ്യത്തിന് പുറത്താക്കിക്കൊണ്ട് കെയിറ്റ് ക്രോസ്സ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി, പിന്നാലെ കഴിഞ്ഞ കളിയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ഹർമൻപ്രീത് കൗറിനെയും (4) കെയിറ്റ് ക്രോസ്സ് വീഴ്ത്തി, ഒരു വശത്ത് സ്മൃതി മന്ദാന പിടിച്ച് നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ ഇടവേളകളിൽ വീണു കൊണ്ടിരുന്നു, 29/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 50 റൺസ് എടുത്ത സ്മൃതി മന്ദാനയും 68 റൺസ് എടുത്ത ദീപ്തി ശർമയും ആണ് ഭേദപ്പെട്ട സ്കോറിൽ എത്താൻ സഹായിച്ചത്, ഒടുവിൽ 46 ആം ഓവറിൽ 169 ന് ഇന്ത്യ ഓൾ ഔട്ട് ആവുകയായിരുന്നു, 4 വിക്കറ്റ് വീഴ്ത്തിയ കെയിറ്റ് ക്രോസ്സ് ഇംഗ്ലണ്ടിനായി ബോളിങ്ങിൽ തിളങ്ങി.
170 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ അതേ നാണയത്തിൽ മറുപടി കൊടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ മുൻനിര തകർന്നു, രേണുക സിംഗ് ഇംഗ്ലണ്ടിന്റെ മുൻനിരയെ പെട്ടന്ന് തന്നെ പവലിയനിലേക്ക് മടക്കി അയച്ചു, 65/7 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ടിനെ 28 റൺസ് എടുത്ത ക്യാപ്റ്റൻ അമി ജോൺസും വാലറ്റക്കാരെ കൂട്ട് പിടിച്ച് ചാർലറ്റ് ഡീനും (47) പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 16 റൺസ് അകലെ വീഴുകയായിരുന്നു.
നാൽപത്തി നാലാം ഓവർ എറിയാനെത്തിയ ദീപ്തി ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്, ഇംഗ്ലണ്ടിനു ജയിക്കാൻ 16 റൺസും ഇന്ത്യക്ക് ജയിക്കാൻ 1 വിക്കറ്റും എന്ന നിലയിൽ കളി പുരോഗമിക്കവെ, ദീപ്തി ശർമ ബോൾ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഡീൻ ക്രീസ് വിട്ട് ഇറങ്ങിയിരുന്നു, ഇത് മനസ്സിലാക്കിയ ദീപ്തി ശർമ ഡീനിനെ മങ്കാദിങ്ങിലൂടെ റൺ ഔട്ട് ആക്കുകയായിരുന്നു, തേർഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തത്തോടെ കരഞ്ഞു കൊണ്ടാണ് ഡീൻ ഗ്രൗണ്ട് വിട്ടത്, ക്രിക്കറ്റിന്റെ എല്ലാ നിയമങ്ങളും ബാറ്റർക്ക് അനുകൂലമാക്കുന്ന ഈ കാലത്ത് മങ്കാദിങ്ങ് നിയമാനുസൃതം ആക്കിയത് ബോളർമാർക്ക് ആശ്വസിക്കാൻ വക നൽകുന്ന കാര്യമാണ്.
Written by: അഖിൽ. വി.പി വള്ളിക്കാട്.