ഇന്നലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. നേരത്തെ ട്വന്റി ട്വന്റി പരമ്പരയിലെ 2-1 തോൽവിക്ക് മധുരപ്രതികാരമായി ഈ വിജയം. ചെറിയ സ്‌കോറിന്റെ പോരാട്ടത്തിൽ 16 റൺസിന് ആയിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. ഇതിഹാസ താരം ജൂലെൻ ഗോസ്വാമിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവസാന രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. നാല് വിക്കറ്റ് വീഴത്തിയ രേണുക സിംഗ് ആണ് കളിയിലെ താരം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ, പേസർ കേറ്റ് ക്രോസിന് മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഷഫാലിയും യാസ്തികയും പൂജ്യത്തിന് ക്ലീൻ ബോൾഡ് ആയപ്പോൾ 4 റൺ എടുത്ത നായിക ഹർമൻപ്രീത് കൗർ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും ചെയ്തു. ഓപ്പണർ സ്മൃതി മന്ഥാനയും ദീപ്തി ശർമയും ചേർന്നാണ് ഇന്ത്യയെ അല്പമെങ്കിലും മാന്യമായ സ്കോറിൽ എത്തിച്ചത്. സ്മൃതി അർദ്ധ സെഞ്ചുറി തികച്ച് പുറത്തായി എങ്കിലും പൂജ വസ്ത്രാക്കറെ കൂട്ട് പിടിച്ചാണ് ദീപ്തി ശർമ ഇന്ത്യൻ സ്കോർ 45.4 ഓവറിൽ 169ൽ എത്തിച്ചത്. ദീപ്തി 68 റൺസോടെ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ട് അനായാസം പരമ്പരയിൽ ആശ്വാസജയം നേടുമെന്ന് കരുതിയവർക്ക് തെറ്റി. ഇന്ത്യൻ ബോളർമാരും അതേ നാണയത്തിൽ മറുപടി നൽകിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഒരു ഘട്ടത്തിൽ 65/7 എന്ന നിലയിലേക്ക് വീണ അവരെ നായിക എമി ജോൺസും ചർലോട്ട് ഡീനും ചേർന്ന കൂട്ടുകെട്ടാണ് വിജയത്തിന്റെ വക്കോളം എത്തിച്ചത്. എമി ജോൺസിനെ രേണുക സിംഗ് പുറത്താക്കി എങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഡീൻ മികച്ച രീതിയിൽ കളിച്ചുവരവെ 47 റൺസ് നേടി നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഡീനിനെ ബോളർ ദീപ്തി ശർമ റൺ ഔട്ട് ആക്കിയായിരുന്നു ഇന്ത്യൻ വിജയം.
പന്ത് എറിയുന്നതിന് മുന്നേതന്നെ ക്രീസിൽ നിന്നും മുന്നോട്ട് കയറിപ്പോയ ഡീൻ റൺ ഔട്ട് ആക്കിയതിൽ സങ്കടപ്പെട്ടു മടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ‘മങ്കാദിങ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇത്തരം വിക്കറ്റിന് ഇനി മുതൽ റൺഔട്ട് ആയി കണക്കാക്കും എന്ന് ഐസിസിയുടെ പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിയമം പറഞ്ഞിട്ടുള്ള രീതിയിൽ തന്നെയാണ് ഇത്തരം പുറത്താക്കൽ രീതി. എങ്കിലും ഇത് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഇംഗ്ലണ്ട് താരങ്ങൾ പവലിയനിൽ സ്തബ്ധരായി നിന്നുപോയി.
ഇന്നലേ മത്സരശേഷവും ഒരുപാട് ഇംഗ്ലീഷ് താരങ്ങളും ആരാധകരും ഇതിനേതിരെ രംഗത്ത് വന്നിരുന്നു. ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് അതിൽ പ്രധാനി. “നോൺ സ്ട്രൈക്കർ എൻഡിൽ റൺഔട്ട്, ഇന്ത്യക്ക് വിജയം” എന്ന് പറഞ്ഞ് ഐസിസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് താഴെ, “റൺ ഔട്ടോ?… വളരെ മോശം രീതിയിൽ മത്സരം വിജയിച്ചു” എന്ന് പറയണം എന്നായിരുന്നു ബ്രോടിന്റെ കമന്റ്. ആ പുറത്താക്കൽ വീഡിയോ റീട്വീറ്റ് ചെയ്ത ബ്രോഡ് പറഞ്ഞത് ഇങ്ങനെ വിക്കറ്റ് നേടി താൻ ഒരിക്കലും മത്സരം വിജയിക്കാൻ ശ്രമിക്കില്ല എന്നാണ്.
ഇപ്പോൾ ബ്രോഡിന്റെ ഒരു പഴയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൻതരംഗമായി മാറിയിരിക്കുന്നത്. ക്രിക്കറ്റിലെ മാന്യതയെ കുറിച്ച് ക്ലാസ്സ് എടുക്കുന്ന ബ്രോഡിൻെറ മാന്യത എത്രത്തോളം ഉണ്ടെന്ന് നോക്കട്ടെ എന്നുപറഞ്ഞാണ് ക്രിക്കറ്റ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്. ഓസ്ട്രേലിയയുമായി നടന്ന ഒരു ടെസ്റ്റ് മാച്ചിൽ പന്ത് സ്ലിപ്പിലേക്ക് എഡ്ജ് ചെയ്ത ശേഷം ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ നിൽക്കുന്ന ബ്രോഡ്!! റീപ്ലേകളിൽ പന്ത് ബാറ്റിൽ തട്ടി ക്ലീയർ എഡ്ജ് പോവുന്നത് കാണാമായിരുന്നു, എങ്കിലും എന്തുകൊണ്ടോ അമ്പയർ ഔട്ട് കൊടുത്തില്ല, അതുകൊണ്ട് തന്നെ ബ്രോഡ് മടങ്ങിയതുമില്ല. ഓസ്ട്രേലിയക്ക് റിവ്യൂ ഒന്നും ബാക്കിയും ഉണ്ടായിരുന്നില്ല. അങ്ങനെ മത്സരം തുടർന്നു.
ഇത്തരം ‘മങ്കാദിങ്’ സംഭവങ്ങൾ ക്രിക്കറ്റിന്റെ മാന്യതക്ക് ചേർന്നതല്ല എന്നുള്ള നിലപാട് വ്യക്തമാക്കി മുൻപും ഒരുപാട് പേർ ഇതിനെ എതിർത്തിട്ടുണ്ട്. മുൻപ് 2019 ഐപിഎൽ സീസണിൽ രാജസ്ഥാൻ താരം ജോസ് ബട്ട്‌ലെറെ പഞ്ചാബ് നായകൻ അശ്വിൻ ഇതുപോലെ പുറത്താക്കിയത് വൻ വിവാദമായിരുന്നു. താരങ്ങളും ആരാധകരും രണ്ട് ചേരിയിൽ അണിനിരന്ന വാഗ്വാദങ്ങളും നമ്മൾ കണ്ടു. എങ്കിലും ഐസിസി നിയമത്തിൽ അനുശാസിക്കുന്ന ഇത് എങ്ങനെ കുറ്റകരമാവും എന്നായിരുന്നു അശ്വിന്റെ ചോദ്യം.