വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ദുലീപ് ട്രോഫി ഫൈനലിന്റെ അഞ്ചാം ദിനം, അതിരുവിട്ട് എതിർ താരം രവി തേജയെ സ്ലെഡ്‌ജ് ചെയ്‌ത യുവതാരം യശസ്വി ജയ്‌സ്വാളിനെ വെസ്റ്റ് സോൺ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഫീൽഡിങ്ങിനിടെ ഗ്രൗണ്ടിൽ നിന്നും പുറത്താക്കിയിരുന്നു. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സംഭവം.
സ്ലെഡ്ജിങ് മൂർച്ഛിച്ചതോടെ നേരെത്തെ അമ്പയർ ഇരുവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നും മുന്നറിയിപ്പ് വകവെക്കാത്തതോടെയാണ് രഹാനെയെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. പ്രശ്നം പരിഹരിക്കാൻ എത്തിയ രഹാനെയെയും ഗൗനിക്കാതെ സ്ലെഡ്ജിങ് തുടർന്നത് സംഭവം വഷളാക്കി.
58ആം ഓവറിൽ ഗ്രൗണ്ട് വിട്ട ജയ്‌സ്വാൾ
65ആം ഓവറിൽ ഗ്രൗണ്ടിൽ തിരിച്ചെത്തിയിരുന്നു. ഏതായാലും ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ജയ്‌സ്വാൾക്ക് തന്നെയായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ 323 പന്തിൽ നിന്ന് 4 സിക്‌സും 30 ഫോറും ഉൾപ്പെടെ 265 റൺസാണ് അടിച്ചു കൂട്ടിയത്.
മത്സരത്തിൽ വെസ്റ്റ് സോണ് 294 റൺസിനാണ് ജയം നേടിയത്. അവസാന ഇന്നിംഗ്‌സിൽ 529 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് സോണിന് 234 റൺസ് മാത്രമാണ് നേടിയത്. ജയ്സ്വാലിനെ കൂടാതെ രണ്ടാം ഇന്നിംഗ്‌സിൽ സർഫ്രാസ് ഖാനും സെഞ്ചുറിയുമായി തിളങ്ങിയിട്ടുണ്ട്.