ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓരോ മത്സരം വീതം ജയിച്ച ഇരു ടീമും ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പര സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ വാശിയേറിയ ഒരു മത്സരം പ്രതീക്ഷിക്കാം, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്, റിഷഭ് പന്തിന് പകരം ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാർ മടങ്ങി എത്തിയപ്പോൾ, സീൻ അബോട്ടിന് പകരം ജോഷ് ഇംഗ്ലീസ് ഓസീസ് നിരയിൽ ഉൾപ്പെട്ടു.
ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണിങ് ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ ഓസ്ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചു, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഫോറുകളും സിക്സറുകളും പ്രവഹിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.
ചഹൽ എറിഞ്ഞ മത്സരത്തിലെ എട്ടാം ഓവറിൽ രണ്ടാമത്തെ റണ്ണിനായി ശ്രമിച്ച മാക്സ് വെല്ലിനെ അക്സർ പട്ടേൽ മികച്ച ഒരു ത്രോയിലൂടെ റൺ ഔട്ട് ആക്കുകയായിരുന്നു, ബോൾ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കൈയിൽ എത്തുന്നതിന് മുൻപ് കാർത്തിക് ഒരു ബെയിൽ അറിയാതെ തട്ടിയിരുന്നു, പക്ഷെ ഭാഗ്യവശാൽ അക്സർ പട്ടേലിന്റെ ത്രോ വന്ന് പതിച്ചത് രണ്ടാമത്തെ ബെയിലിൽ ആയിരുന്നു, അത് കൊണ്ട് തന്നെ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.