ഇന്ത്യക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർക്കായി ഓപ്പണർ കാമറൂൺ ഗ്രീൻ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് സമനിലയിലാണ്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് വെറും 19 പന്തിൽ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി ഗ്രീൻ. ഇന്ത്യക്ക് എതിരെ ട്വന്റി ട്വന്റിയിൽ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിനുള്ള റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
21 പന്തിൽ 7 ബൗണ്ടറിയും 3 സിക്സും അടക്കം 52 റൺസ് എടുത്ത ഗ്രീൻ ഭുവനേശ്വരിന്റെ പന്തിൽ പുറത്തായതോടെയാണ് ഇന്ത്യയുടെ ശ്വാസം നേരെ വീണത്.
പിന്നീട് സ്പിന്നർമാർ കളം പിടിച്ചതോടെ ഓസ്ട്രേലിയക്ക് വിക്കറ്റുകൾ നഷ്ടമായി തുടങ്ങി. മത്സരത്തിൽ ഇടംകൈ സ്പിന്നർ അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ലെഗ് സ്പിന്നർ ചാഹൽ ഒരു വിക്കറ്റും നേടി.
വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്വെല്ലിനെ റൺ ഔട്ടിലൂടെയാണ് ഇന്ത്യ പുറത്താക്കിയത്. 11 പന്തിൽ വെറും 6 റൺസ് മാത്രം എടുത്ത അദ്ദേഹത്തെ അക്‌സർ പട്ടേൽ എറിഞ്ഞ ലോങ് ത്രോയിൽ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ആണ് പുറത്താക്കിയത്. അതിനുശേഷം നായകൻ രോഹിത് ശർമ കാർത്തിക്കിന്റെ ഹെൽമെറ്റിൽ മുത്തം നൽകി അഭിനന്ദിക്കുന്നത് കാണാൻ കഴിഞ്ഞു.
കാരണം ഭാഗ്യത്തിന്റെ അകമ്പടിയോടെ ആയിരുന്നു ആ റൺ ഔട്ട്. ചാഹൽ എറിഞ്ഞ എട്ടാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. സ്ക്വായറിന് പിന്നിലേക്ക് കളിച്ച ശേഷം ഡബിൾ നേടാൻ ആയിരുന്നു ശ്രമം. എന്നാൽ പട്ടേലിന്റെ നീളൻ ഏറ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് സ്‌റ്റമ്പിൽ കൊള്ളിക്കുന്നതിന് മുന്നേ കാർത്തിക്കിന്റെ ദേഹത്ത് തട്ടി ഒരു ബെയ്ൽ ഇളകി വീണിരുന്നു. എങ്കിലും രണ്ടാം ബെയ്ൽ വീണത് പന്ത് കൊണ്ടതിന് ശേഷമാണ്. കീപ്പറുടെ ദേഹത്ത് തട്ടി രണ്ട് ബെയിൽസും വീഴുകയാണെങ്കിൽ അത് ഔട്ട് ആകണമെങ്കിൽ ഒരു സ്റ്റമ്പ് പിഴുതെടുത്ത് പന്ത് അതിൽ കൊള്ളിക്കണം. അപ്പോഴേക്കും ബാറ്റർ ക്രീസിൽ എത്തിയുട്ടുണ്ടാവും. ഭാഗ്യത്തിന് ഇവിടെ അങ്ങനെ സംഭവിച്ചില്ല.
കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഋഷഭ് പന്തിന്പകരം പേസർ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. ഓസ്ട്രേലിയൻ ടീമിൽ ഷോൺ അബ്ബൂട്ടിന് പകരം ജോഷ് ഇങ്കിലിസും തിരിച്ചെത്തി. പരമ്പര വിജയിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.