ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന ട്വന്റി ട്വന്റി മത്സരത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ട ശേഷമാണ് പരമ്പരയിൽ ഇന്ത്യയുടെ മടങ്ങിവരവ്. മഴമൂലം 8 ഓവർ വീതം നടത്തിയ രണ്ടാം മത്സരത്തിലും, ഇന്നിതാ മൂന്നാം മത്സരത്തിലും 6 വിക്കറ്റിനാണ് ഇന്ത്യ അവരെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും ഓപ്പണർ കാമറൂൺ ഗ്രീനിന്റെ വെടിക്കെട്ടിനാണ് പിന്നീട് എല്ലാവരും സാക്ഷ്യം വഹിച്ചത്. വെറും 19 പന്തിൽ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി ഇന്ത്യക്ക് എതിരെ ട്വന്റി ട്വന്റിയിൽ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിനുള്ള റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 21 പന്തിൽ 7 ബൗണ്ടറിയും 3 സിക്സും അടക്കം 52 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.
പിന്നീട് ഇന്ത്യൻ സ്പിന്നർമാർ റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടി പന്തെറിഞ്ഞതോടെ ഓസ്ട്രേലിയൻ സ്‌കോറിങ് മന്ദഗതിയിലായി. എങ്കിലും അവസാന ഓവറുകളിൽ ടിം ഡേവിഡ്, ഡാനിയൽ സാംസ് എന്നിവരുടെ ബാറ്റിംഗ് മികവാണ് അവരെ 20 ഓവറിൽ 186/7 എന്ന നിലയിലേക്ക് എത്തിച്ചത്. ഡേവിഡ് 27 പന്തിൽ 54 റൺസും ഡാനിയൽ സംസ് 20 പന്തിൽ 28 റൺസും എടുത്തു. സ്പിന്നർ അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ചാഹൽ, ഹർഷൽ, ഭുവനേശ്വർ എന്നിവർ ഒരു വിക്കറ്റുവീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. കെ എൽ രാഹുൽ 1 റണ്ണും നായകൻ രോഹിത് ശർമ 17 റൺസും എടുത്തു പുറത്തായി. എങ്കിലും വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ സെഞ്ചുറി പാർട്ട്നർഷിപ്പ് സൃഷ്ടിച്ച ഇവരിൽ കൂടുതൽ അപകടകാരി സൂര്യയായിരുന്നു. 36 പന്തിൽ അഞ്ചുവീതം ഫോറും സിക്‌സും പായിച്ച് 69 റൺസ് എടുത്ത അദ്ദേഹമാണ് ആദ്യം പുറത്തായത്. ശ്രദ്ധയോടെ കളിച്ച കോഹ്‌ലി പിന്നീട് ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.
അവസാന ഓവറിലെ രണ്ടാം പന്തിലാണ് കോഹ്‌ലി പുറത്തായത്. 48 പന്തിൽ നിന്നും 3 ഫോറൂം 4 സിക്സും അടക്കം 63 റൺസാണ് കോഹ്‌ലി എടുത്തത്. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടപ്പോൾ ആദ്യ പന്തിൽ തന്നെ സിക്സ് നേടിയ കോഹ്‌ലി ഇന്ത്യൻ ടീമിന്റെ വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് പുറത്തായത്. അഞ്ചാം പന്തിൽ ബൗണ്ടറി നേടി ഹാർദിക് ഇന്ത്യയുടെ വിജയറൺ സ്വന്തമാക്കി.
ഇന്നിംഗ്സിന്റെ തുടക്ക സമയത്ത് രണ്ട് കൂറ്റൻ സിക്‌സുകൾ കോഹ്‌ലി നേടിയിരുന്നു. ഒന്നാമത്തേത് ആറാം ഓവറിന്റെ മൂന്നാം പന്തിൽ ഹസെൽവുഡിന് എതിരെ. വേഗം കുറഞ്ഞ ഷോർട്ട് പിച്ച് ബോൾ ഫ്രണ്ട് ഫുട്ടിൽ കാത്തുനിന്നു ഡീപ് മിഡ് വിക്കറ്റിലേക്ക് കിടിലൻ പുൾ ഷോട്ട്. അതിനേക്കാൾ മികച്ച ഒരെണ്ണം ഒൻപതാം ഓവറിന്റെ മൂന്നാം പന്തിൽ സ്പിന്നർ ആദം സാംബക്കെതിരെ. ക്രീസിൽ നിന്നും മുന്നോട്ട് സ്റ്റെപ്പൗട്ട് ചെയ്ത് കയറിവന്നു ലോങ് ഓണിലേക്ക് ഒരു പടുകൂറ്റൻ സിക്സ്!