അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ടീം ഇന്ത്യ ട്വന്റി ട്വന്റി പരമ്പര 2-1ന് സ്വന്തമാക്കി. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതോടെ പരമ്പരയിലെ ഇന്നത്തെ അവസാന മത്സരം തീപാറി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഇന്ത്യ വിജയം നേടിയതെന്ന് ഓർക്കണം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഓപ്പണർ ഗ്രീൻ സമ്മാനിച്ചത് അവിസ്മരണീയ തുടക്കം. വെറും പത്തൊമ്പത് പന്തിൽ തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി അദ്ദേഹം മടങ്ങി, ഏഴ് ഫോറും മൂന്ന് സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. പിന്നീട് ഓൾറൗണ്ടർ ടിം ഡേവിഡ് കൂടി അർദ്ധ സെഞ്ചുറി നേടിയപ്പോൾ ജോഷ് ഇംഗ്ലിസും ഡാനിയൽ സാംസും മികച്ച പിന്തുണ നൽകി സ്കോർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ എത്തിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേൽ ബോളർമാരിൽ മികച്ചുനിന്നു.
രാഹുലും രോഹിതും പെട്ടെന്ന് മടങ്ങിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും സൂര്യയും സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 36 പന്തിൽ അഞ്ചുവീതം ഫോറും സിക്‌സും പായിച്ച് 69 റൺസ് സൂര്യ നേടിയപ്പോൾ 48 പന്തിൽ നിന്നും 3 ഫോറൂം 4 സിക്സും അടക്കം 63 റൺസാണ് കോഹ്‌ലി എടുത്തത്. 16 പന്തിൽ 25 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്.
സൂര്യകുമാർ യാദവ് പുറത്തായപ്പോഴാണ് പാണ്ഡ്യ ക്രീസിൽ എത്തിയത്. വിരാട് കോഹ്‌ലിയുടെ കൂടെ 48 റൺസിന്റെ കൂട്ടുകെട്ടിൽ പാണ്ഡ്യ പങ്കാളിയായി. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടപ്പോൾ ആദ്യ പന്തിൽ തന്നെ സിക്സ് നേടിയ കോഹ്‌ലി ഇന്ത്യൻ ടീമിന്റെ വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് അടുത്ത പന്തിൽ എക്സ്ട്രാ കവറിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന് ക്യാച്ച് നൽകി പുറത്തായത്.
പിന്നെ ക്രീസിലേക്ക് വന്ന ദിനേശ് കാർത്തികിനെ ആരാധകർ “DK…DK…” വിളികളോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ മത്സരത്തിൽ വെറും രണ്ട് പന്തിൽ നിന്നും 10 റൺസ് എടുത്ത് ഇന്ത്യയുടെ വിജയറൺ നേടിയത് അദ്ദേഹമായിരുന്നു. ഇന്ന് നാല് പന്തിൽ അഞ്ച് റൺസ് വിജയലക്ഷ്യം മുന്നിൽ ഉള്ളപ്പോൾ അദ്ദേഹം മത്സരം വിജയിപ്പിക്കും എന്ന് ആരാധകരും കരുതി. എന്നാൽ മൂന്നാം പന്തിൽ ഒരു സിംഗിൾ ഇടാൻ മാത്രമേ അവസരം ലഭിച്ചുള്ളൂ.
നാലാം പന്തിൽ ഹാർധിക്കിന് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. ഓഫ് സ്റ്റമ്പിന് വെളിയിൽകൂടെ പോയ പന്ത് ഒരു വൈഡ് ആണെന്ന് കമന്റേറ്റർമാർ പറയുകയുണ്ടായി. എങ്കിലും അമ്പയർ നിതിൻ മേനോൻ, പാണ്ഡ്യ ഓഫ് സ്റ്റമ്പിന്റെ പുറത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു എന്ന കാരണത്താൽ വൈഡ് നൽകിയില്ല. അതോടെ രണ്ട് പന്തിൽ നാല് റൺസ് വിജയലക്ഷ്യം മുന്നിൽ. ആരാധകരുടെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു. പാണ്ഡ്യക്ക് നിർദ്ദേശം നൽകാനായി നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും കാർത്തിക് ചെന്നപ്പോൾ എല്ലാം എനിക്ക് വിട്ടേക്കൂ എന്ന മട്ടിലുള്ള ഒരു ആക്ഷൻ പാണ്ഡ്യയുടെ വക. അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർക്കും മുപ്പതുവാര വൃതത്തിന് ഉള്ളിൽ നിൽക്കുകയായിരുന്ന തേർഡ്മാനും ഇടയിലൂടെ പന്തിനെ ചെത്തിവിട്ട് പാണ്ഡ്യയുടെ ബൗണ്ടറി, ഇന്ത്യക്ക് പരമ്പര വിജയം!