അവസാന ഓവർ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ആദ്യ മത്സരത്തിൽ 4 വിക്കറ്റിന് തോറ്റതിന് ശേഷം ഇന്ത്യ അതി ശക്തമായി തിരിച്ച് വരികയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ ഓസീസിന് മികച്ച തുടക്കം ലഭിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.
അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസ് പരുങ്ങലിലായി, ജോഷ് ഇംഗ്ലീസിനെയും (24) മാത്യു വെയ്ഡിനെയും (1) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യയെ മുന്നിലെത്തിച്ചു, 117/6 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഡാനിയേൽ സാംസും (28*) അവസാന ഓവറുകളിൽ തകർത്തടിച്ച് അർധ സെഞ്ച്വറിയുമായി (54) ടിം ഡേവിഡും ചേർന്ന് 186/7 എന്ന മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (17) കെ.എൽ രാഹുലിനെയും(1) നഷ്ടമായി, പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു ഇരുവരും ചേർന്ന് 3 ആം വിക്കറ്റിൽ 104 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകി, ഇന്ത്യൻ വിജയത്തിൽ നട്ടെല്ല് ആയത് ഈ കൂട്ട് കെട്ട് ആണ്, ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ 2 വിക്കറ്റ് വീണിട്ടും ക്രീസിൽ എത്തിയത് മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിംഗ്സ് ആണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്, 36 പന്തിൽ 5 ഫോറും 5 കൂറ്റൻ സിക്സും അടക്കം 69 റൺസ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്.
മറു വശത്ത് കോഹ്ലിയുടെ മികച്ച ഇന്നിങ്ങ്സും ഇന്ത്യൻ വിജയത്തിൽ വലിയ പങ്ക് വഹിച്ചു, 48 ബോളിൽ 3 ഫോറും 4 സിക്സും അടക്കം കോഹ്ലി 63 റൺസ് നേടി, അവസാന ഓവറിൽ 11 റൺസ് വേണം എന്നിരിക്കെ ഡാനിയൽ സാംസിനെ ആദ്യ ബോളിൽ തന്നെ സിക്സ് അടിച്ച് കോഹ്ലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി, ഒടുവിൽ ഹാർദിക്ക് പാണ്ഡ്യ ഫോർ അടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
മൽസര ശേഷം സമ്മാനദാന ചടങ്ങിൽ കപ്പ് ഏറ്റു വാങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ അത് കൊടുത്തത് ടീമിലെ ഏറ്റവും മുതിർന്ന താരമായ ദിനേഷ് കാർത്തിക്കിന് ആയിരുന്നു, പൊതുവെ യുവ താരങ്ങൾക്ക് ആണ് ക്യാപ്റ്റൻ ട്രോഫി കൈമാറാറുള്ളത്, എന്നാൽ ഇത്തവണ പതിവിന് വിപരീതമായി ദിനേഷ് കാർത്തിക്ക് കപ്പ് ഉയർത്തി, രണ്ടാം മത്സരത്തിൽ ഡാനിയൽ സാംസ് എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് വേണ്ടപ്പോൾ സിക്സും പിന്നാലെ ഫോറും അടിച്ച് വിജയ റൺ നേടിയത് കാർത്തിക്ക് ആയിരുന്നു.