ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നലെ തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. ഇന്നലെ വൈകീട്ട് നാലരക്കുള്ള ഫ്ലൈറ്റിലാണ് ടീം ഇന്ത്യ ഹൈദരാബാദിൽ നിന്നും എത്തിയത്. ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ 2-1 വിജയനേട്ടം കൈവരിച്ച ആത്മവിശ്വാസത്തോടെയാണ് ടീമിന്റെ വരവ്.
സെപ്റ്റംബർ 28 ബുധനാഴ്ച രാത്രി ഏഴ് മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച പുലർച്ചെ തന്നെ എത്തിയിരുന്നു. തിങ്കളാഴ്ച സ്റ്റേഡിയത്തിൽ എത്തി പരിശീലന സെഷനിൽ പങ്കെടുത്ത് മത്സരത്തിനായി അവർ ഒരുങ്ങുകയും ചെയ്തു.
ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഒരു അന്താരാഷ്ട്ര മത്സരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലുള്ള മലയാളികൾ എല്ലാവരും വളരെ ആവേശത്തിലാണ്.
തങ്ങളുടെ പ്രിയ താരങ്ങളെ തൊട്ടടുത്ത് നിന്ന് കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനും കഴിയുന്നത് അവർക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. അതിനാൽ ഉച്ചയോടെ തന്നെ വിമാനത്താവള പരിസരത്ത് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. സഞ്ജു… സഞ്ജു… എന്നും ഇന്ത്യ… ഇന്ത്യ… എന്നുമൊക്കെ വിളിച്ച് വളരെ ബഹളമയമായിരുന്നു അവിടം.
എങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ട സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ മൗനം ആരാധകരെ നിരാശരാക്കി. ഒരു മാസ്കും ധരിച്ച് ഇയർഫോണും വച്ച് വളരെ ഗൗരവഭാവത്തിൽ ആയിരുന്നു കോഹ്‌ലി പുറത്തേക്ക് വന്നതും പിന്നീട് ടീം ബസിൽ കയറി ഇരുന്നതും. ബസിന് പുറത്ത്നിന്ന് കോഹ്‌ലിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആരാധകർ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. കോഹ്‌ലി ഒന്ന് അവരെ നോക്കി ഒന്ന് പുഞ്ചിരിക്കും, അല്ലെങ്കിൽ കൈവീശി കാണിക്കും എന്ന് കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല.
മറ്റ് താരങ്ങൾ ഈ വലിയ ആരാധകപിന്തുണ ആസ്വദിക്കുകയും ഫാൻസിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയും അത് സ്റ്റാറ്റസ്, സ്റ്റോറി ഒക്കെ ആയി പങ്കുവെക്കുകയും ചെയ്തു. രോഹിത് ശർമ, സൂര്യകുമാർ യാദവ്, അശ്വിൻ, യൂസി ചഹാൽ എന്നിവർ ഉൾപ്പെടെ ആവേശത്തിൽ പങ്കുചേർന്നു ചിത്രങ്ങൾ എടുത്തു. അശ്വിൻ, ചഹാൽ എന്നിവർ സഞ്ജുവിനെ ടാഗ് ചെയ്താണ് ചിത്രങ്ങൾ പങ്കുവെച്ചത്. ബസിൽ ഇരുന്ന് തന്റെ ഫോണിൽ സഞ്ജുവിന്റെ ചിത്രം ഉയർത്തിക്കാട്ടിയ സൂര്യകുമാർ യാദവിനും മികച്ച കരഘോഷം മുഴങ്ങി.