Categories
Cricket Latest News Malayalam Video

ആരും പന്തിനെ തിരിഞ്ഞുനോക്കിയില്ല; സങ്കടം തോന്നുന്നു എന്ന് ആരാധകർ.. വീഡിയോ

ഞായറാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ടീം ഇന്ത്യ ട്വന്റി ട്വന്റി പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ട ശേഷമാണ് പരമ്പരയിൽ ഇന്ത്യയുടെ മടങ്ങിവരവ്. മഴമൂലം 8 ഓവർ വീതം നടത്തിയ രണ്ടാം മത്സരത്തിലും, ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തിലും 6 വിക്കറ്റിനാണ് ഇന്ത്യ അവരെ പരാജയപ്പെടുത്തിയത്.

അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്‍റെയും വിരാട് കോഹ്‌ലിയുടെയും മികവിലാണ് ഇന്ത്യ വിജയം നേടിയത്. അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവ് കളിയിലെ താരമായും 3 മത്സരങ്ങളിൽ നിന്നും 8 വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേൽ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനുശേഷം സെപ്റ്റംബർ 28 ബുധനാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരക്കായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. പരമ്പരയിൽ മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങൾ ആണുള്ളത്. ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനുമുൻപ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് ഇത് എന്ന പ്രത്യേകത കൂടി ഉണ്ട്.

നേരത്തെ തന്നെ പ്രഖ്യാപിച്ച ലോകകപ്പ് ടീമിലും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പര്യടനങ്ങൾക്ക്‌ ഉള്ള ടീമിലും വിക്കറ്റ് കീപ്പർമാരായി വേറ്ററൻ താരം ദിനേഷ് കാർത്തിക്, ഇടംകൈയ്യൻ ബാറ്റർ ഋഷഭ് പന്ത് എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഇഷാൻ കിഷൻ, മലയാളി താരം സഞ്ജു വി സാംസൺ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

ഋഷഭ് പന്തിന് ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തിൽ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഋഷഭ് പന്ത് ഫാൻസ് പുറത്തുവിട്ട ഒരു വീഡിയോയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന പന്തിന്റെ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞു. മത്സരം കഴിഞ്ഞ ശേഷം ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാവരും ഒത്തുകൂടിനിന്ന് പരസ്പരം സംസാരിക്കുകയും കളിതമാശകൾ പറയുകയും ചെയ്യുന്ന നേരത്ത് പന്ത് അലസനായി അവിടെയും ഇവിടെയും നോക്കി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു വീഡിയോ. ആരും അദ്ദേഹത്തെ മൈൻഡ് ചെയ്യാത്തതിൽ സങ്കടം തോന്നുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്.

അതിനുശേഷം നടന്ന പരമ്പര വിജയികൾക്ക് അനുമോദനം നൽകുന്ന സമയത്തും ടീം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ ഒരു അറ്റത്ത് കൃത്രിമമായ ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന പന്തിനെയും വീഡിയോയിൽ കാണാം. ആദ്യ മത്സരത്തിൽ പന്തിനുപകരം ദിനേശ് കാർത്തിക് ആണിറങ്ങിയത്. മഴമൂലം 8 ഓവർ വീതമാക്കി നടത്തിയ രണ്ടാം മത്സരത്തിൽ 4 ബോളർമാർ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പേസർ ഭുവനേശ്വർ കുമാറിനു പകരം എക്സ്ട്രാ ബാറ്റർ ആയി പന്തിനെ ടീമിൽ എടുത്തുവെങ്കിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *