ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ബാവൂമയുടെ അഭാവത്തിൽ കേശവ് മഹാരാജ് ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിക്കുന്നത്, ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്ക 9 റൺസിന് ജയിച്ചതിനാൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് ഏറെ നിർണായകമാണ്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (1) സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും അർധ സെഞ്ച്വറി നേടിയ റീസ ഹെൻഡ്രിക്ക്സും (74) ഐഡൻ മർക്രാമും(79) സൗത്ത് ആഫ്രിക്കയെ മുന്നോട്ടേക്ക് നയിച്ചു, ഇരുവരുടെയും അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 278/7 എന്ന സ്കോറിൽ എത്തുകയായിരുന്നു സൗത്ത് ആഫ്രിക്ക, 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ശിഖർ ധവാനെയും (15) ശുഭ്മാൻ ഗില്ലിനെയും (12) നഷ്ടമായി, 48/2 എന്ന നിലയിൽ പരുങ്ങലിൽ ആയ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ഇഷാൻ കിഷന്റെയും (93) ശ്രേയസ് അയ്യരുടെയും മികച്ച ബാറ്റിങ്ങ് പ്രകടനം ഇന്ത്യക്ക് തുണയാവുകയായിരുന്നു, മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 161 റൺസിന്റെ കൂറ്റൻ കൂട്ട്കെട്ട് പടുത്തുയർത്തി, ക്രീസിൽ നിലയുറപ്പിച്ച ശേഷം ഇഷാൻ കിഷൻ ട്വന്റി-20 ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കൂടി, 4 ഫോറും 7 സിക്സും അടങ്ങുന്നതായിരുന്നു ഇഷാൻ കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, മത്സരത്തിൽ 37ആം ഓവർ ചെയ്യാനെത്തിയ നോർക്കിയയെ 2 സിക്സും 1 ഫോറും അടിച്ച് ഇഷാൻ കിഷൻ ഇന്ത്യൻ വിജയം വേഗത്തിലാക്കാൻ ശ്രമിച്ചു.