Categories
Cricket Latest News Malayalam Video

നി കൊള്ളാമല്ലോ ഡാ ചെക്കാ! കുൽദീപിൻ്റെ മൂക്ക് പിടിച്ചു തിരിച്ചു സഞ്ജു സാംസൻ്റെ സെലിബ്രേഷൻ : വീഡിയോ

ഇന്ന് നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിന് നാണംകെട്ട തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 99 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. 19.1 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരം അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഔട്ട് ഫീൽഡ് നനഞ്ഞ് ഇരിക്കുന്നതായിരുന്നു കാരണം. ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈർപ്പം മുതലാക്കാൻ ബോളർമാർക്ക് കഴിയുമെന്ന് തോന്നുന്നുവെന്ന്‌ പറഞ്ഞ ധവാന്റെ വാക്കുകൾ ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ കാഴ്ചവെച്ചത്.

പേസർ മുഹമ്മദ് സിറാജ് മുൻ നിര ബാറ്റർമാരായ മലാനെയും ഹെൻറിക്‌സിനെയും പുറത്താക്കി. ശേഷിക്കുന്ന 8 വിക്കറ്റുകൾ ഇന്ത്യൻ സ്പിന്നർമാർ പങ്കിട്ടു. 4.1 ഓവറിൽ ഒരു മെയ്ഡൻ അടക്കം വെറും 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യൻ ചൈനാമാൻ ബോളർ കുൽദീപ് യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഷഹബാസ് അഹമ്മദും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 42 പന്തിൽ നാല് ബൗണ്ടറി അടക്കം 34 റൺസ് എടുത്ത ഹെൻറിച്ച് ക്ലാസ്സന് ഒഴികെ മറ്റാർക്കും അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

വെറും 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ തന്നെ 14 പന്തിൽ 8 റൺസ് എടുത്ത നായകൻ ധവാനേ നഷ്ടമായി. അദ്ദേഹം ഇല്ലാത്ത റണ്ണിന് വേണ്ടി ഓടി റൺ ഔട്ട് ആകുകയായിരുന്നു. തുടർന്ന് വന്ന ഇഷൻ കിഷൻ 10 റൺസ് എടുത്തു കീപ്പർ ക്യാച്ച് നൽകി മടങ്ങി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഷുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് സ്കോർ മുന്നോട്ട് നീക്കി. വിജയത്തിന് വെറും മൂന്ന് റൺസ് അകലെ 49 റൺസ് എടുത്ത ഗിൽ എങ്കിടിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. 28 റൺസ് എടുത്ത അയ്യരും രണ്ട് റൺസ് എടുത്ത് പുറത്താകാതെ നിന്ന സഞ്ജുവും ചേർന്ന് ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ വിജയത്തിൽ എത്തിച്ചു.

മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയിരുന്ന സഞ്ജു, ബോളിങ്ങിൽ തിളങ്ങിയ കുൽദീപിന്റെ മൂക്കിന്റെ തുമ്പത്ത് പിടിച്ചു തിരിക്കുന്ന ഒരു രസകരമായ മുഹൂർത്തം കാണാൻ സാധിച്ചു. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ ഇരുപത്തിയാറാം ഓവറിൽ ആയിരുന്നു സംഭവം. മൂന്നാം പന്തിൽ ഫോർട്ട്വിനെയും നാലാം പന്തിൽ നോർക്യയെയും കുൽദീപ് ഒന്നിനു പിറകെ ഒന്നായി പുറത്താക്കി. അതിനു ശേഷം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വേളയിൽ തമാശ രൂപേണ സഞ്ജു കുൽദീപിന്റെ മൂക്കിനു പിടിച്ച് തിരിക്കുകയായിരുന്നു.

വീഡിയോ :

പണ്ടുമുതലേ മികച്ച സുഹൃത്തുക്കളാണ് ഇരുവരും. ഇക്കഴിഞ്ഞ ഇന്ത്യ എ ടീമിന്റെ ന്യൂസിലൻഡ് എ ടീമുമായി നടന്ന ഏകദിന പരമ്പരയിലെ മത്സരത്തിൽ കുൽദീപ് യാദവ് ഒരു ഹാട്രിക്ക്‌ നേട്ടം കൈവരിച്ചു. സഞ്ജു ആയിരുന്നു ഇന്ത്യൻ ടീമിന്റെ ‌നായകൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ ചഹലിനെ കൊണ്ട് ഡെത്ത് ഓവറുകളിൽ പന്ത് ഏറിയിപ്പിച്ച് ഒരുപാട് വിക്കറ്റ് നേട്ടം കൈവരിക്കാൻ കഴിഞ്ഞ സഞ്ജു അതേ രീതിയിൽ ഈ പരമ്പരയിൽ കുൽഡീപിനെകൊണ്ട് ഡെത്ത് ഓവറുകളിൽ ബോൾ ചെയ്യിച്ചപ്പൊഴായിരുന്നു അന്ന് ഹാട്രിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *