ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നുന്ന ജയം ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി, ആദ്യ മത്സരത്തിൽ 9 റൺസിന് തോറ്റ ശേഷം ഇന്ത്യ പരമ്പരയിൽ ഗംഭീര തിരിച്ച് വരവ് നടത്തിയാണ് പരമ്പര നേട്ടം സ്വന്തമാക്കിയത്, ഡൽഹിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഡേവിഡ് മില്ലർ ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിച്ചത്. കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ 3 മാറ്റങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇറങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) വാഷിംങ്ങ്ടൺ സുന്ദർ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് മലാനെയും(15) റീസ ഹെൻഡ്രിക്ക്സിനെയും(3) മുഹമ്മദ് സിറാജ് മടക്കി അയച്ചപ്പോൾ 26/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു സൗത്ത് ആഫ്രിക്ക, പിന്നീട് വന്നവരൊക്കെയും ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും നിലയുറപ്പിക്കും മുൻപ് ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ സൗത്ത് ആഫ്രിക്ക വെറും 99 റൺസിന് ഓൾ ഔട്ട് ആയി, ഇന്ത്യക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനെയും (8) ഇഷാൻ കിഷനെയും (10) പെട്ടന്ന് നഷ്ടമായെങ്കിലും 49 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 28* റൺസ് എടുത്ത ശ്രേയസ് അയ്യറും വിജയത്തിലേക്ക് നയിക്കുകയായിരുന്നു,
57 ബോളിൽ 8 ഫോറുകൾ അടക്കമാണ് ഗിൽ 49 റൺസ് നേടിയത്, അർധ സെഞ്ച്വറിക്ക് തൊട്ട് അകലെ ലുൻഗി ൻഗിഡിയുടെ ബോളിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു, ഒടുവിൽ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ തീരത്ത് എത്തുകയായിരുന്നു.
മൽസര ശേഷം വിജയികൾക്കുള്ള ട്രോഫി സ്വീകരിച്ച ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടയിൽ അടിച്ച് “ഗബ്ബർ സ്റ്റൈലിൽ” ആണ് വിജയം ആഘോഷിച്ചത്, കൂടാതെ യുവ താരം മുകേഷ് കുമാറിന് ട്രോഫി സമ്മാനിച്ച് ധവാൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി, 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് കളിയിലെ താരം ആയപ്പോൾ, 3 മത്സരങ്ങളിലും മികച്ച ബോളിങ്ങ് പ്രകടനം കാഴ്ച വെച്ച മുഹമ്മദ് സിറാജ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.