ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയ ടീം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മത്സരത്തിൽ വെറും 9 റൺസിന് അവരോട് അടിയറവ് പറഞ്ഞ ഇന്ത്യ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച് പരമ്പരയിൽ ഒപ്പമെത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 99 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യൻ ബോളർമാരുടെ കൃത്യതയാർന്ന പന്തുകൾക്കു ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി അവർ പവലിയനിലേക്ക് മടക്കയാത്ര നടത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 34 റൺസ് എടുത്ത ഹെൻറിച്ച് ക്ലാസ്സനൊഴികെ മറ്റാർക്കും ക്രീസിൽ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല.
പേസർ മുഹമ്മദ് സിറാജ് രണ്ട് മുൻ നിര വിക്കറ്റുകൾ വീഴ്ത്തി. പിന്നീടങ്ങോട്ട് സ്പിന്നർമാർ താണ്ഡവമാടി. നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് തന്റെ പഴയ പ്രതാപകാലം ഒരിക്കൽകൂടി തിരികേകൊണ്ടുവന്ന് കരുത്ത് കാട്ടി. മറ്റ് സ്പിന്നർമാരായ ഷഹബാസും സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.
ഇന്ത്യ അനായാസം നൂറ് റൺസ് വിജയലക്ഷ്യം നേടും എന്ന് കരുതിയെങ്കിലും ധവാനും കിഷാണും തുടക്കത്തിൽ തന്നെ പുറത്തായി. പക്ഷേ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഉപനായകൻ ശ്രേയസ് അയ്യരും ഓപ്പണർ ഗില്ലും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. വിജയത്തിന് വെറും മൂന്ന് റൺസ് അകലെ 49 റൺസ് എടുത്ത ഗിൽ എങ്കിടിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായെങ്കിലും
28 റൺസ് എടുത്ത അയ്യരും രണ്ട് റൺസ് എടുത്ത് പുറത്താകാതെ നിന്ന സഞ്ജുവും ചേർന്ന് ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ വിജയത്തിൽ എത്തിച്ചു.
ഇന്ത്യൻ ബാറ്റിംഗ് സമയത്ത് ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസൻ മികച്ചൊരു ക്യാച്ച് എടുക്കാൻ ശ്രമിച്ചുവെങ്കിലും അത് ഒരു സിക്സ് ആയി കലാശിക്കുകയാണ് ഉണ്ടായത്. നോർക്യ എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ ആയിരുന്നു സംഭവം. ഔട്‌സൈഡ് ഓഫ് സ്റ്റമ്പ് വന്ന ഷോർട്ട് പിച്ച് പന്ത് അയ്യർ തേർഡ് മാനിലേക്ക് വീശിയടിക്കുകയായിരുന്നു.
പന്ത് ബൗണ്ടറി ലൈനിൽ വച്ച് കൈപ്പിടിയിൽ ഒതുക്കി നിർത്താൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും കാൽ അപ്പുറത്തേക്ക് കടക്കും എന്ന് തോന്നിയപ്പോൾ പന്ത് തിരികെ ഗ്രൗണ്ടിലേക്ക് ഇടണോ അതോ ക്യാച്ച് പൂർത്തിയാക്കണോ എന്നുള്ള നിലയിൽ നിൽക്കെ പന്ത് കയ്യിൽനിന്നും വഴുതിപ്പോയി ഗ്രൗണ്ടിനുള്ളിൽ വീണു. അതിനിടെ യാൻസെന്‍റെ ഒരു കാൽപാദം ബൗണ്ടറി കുഷണിൽ തൊട്ടുവെന്ന് തേർഡ് അമ്പയർ കണ്ടെത്തി. നായകൻ ഡേവിഡ് മില്ലർ ഇതുകണ്ട് മൂക്കത്ത് വിരൽവെച്ച് നിന്നുപോയി.