മൂന്നാം ഏകദിനത്തിൽ 7 വിക്കറ്റിന്റെ മിന്നുന്ന ജയവുമായി ഇന്ത്യ കത്തിക്കയറിയപ്പോൾ സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന പരമ്പര 2-1 ന് ഇന്ത്യക്ക് സ്വന്തമാക്കാനായി, ആദ്യ മത്സരത്തിൽ 9 റൺസിന് തോറ്റ ശേഷം പരമ്പരയിൽ ഗംഭീര തിരിച്ച് വരവ് നടത്തിയാണ് ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കിയത്, ഡൽഹിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഡേവിഡ് മില്ലർ ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) വാഷിംഗ്ടൺ സുന്ദർ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് മലാനെയും(15) റീസ ഹെൻഡ്രിക്ക്സിനെയും(3) മുഹമ്മദ് സിറാജ് മടക്കി അയച്ചപ്പോൾ 26/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു സൗത്ത് ആഫ്രിക്ക, പിന്നീട് വന്നവരൊക്കെയും ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും നിലയുറപ്പിക്കും മുൻപ് ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ സൗത്ത് ആഫ്രിക്ക വെറും 99 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു, 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനെയും (8) ഇഷാൻ കിഷനെയും (10) പെട്ടന്ന് നഷ്ടമായെങ്കിലും 49 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 28* റൺസ് എടുത്ത ശ്രേയസ് അയ്യറും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു,
57 ബോളിൽ 8 ഫോറുകൾ അടക്കമാണ് ഗിൽ 49 റൺസ് നേടിയത്,ഒടുവിൽ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ ലക്ഷ്യത്തിൽ എത്തുകയായിരുന്നു.
മൽസര ശേഷം ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഡാൻസ് കളിച്ചാണ് പരമ്പര വിജയം ആഘോഷിച്ചത്, സൂപ്പർ ഹിറ്റ് പഞ്ചാബി പാട്ടിനൊപ്പം ആണ് ഇന്ത്യൻ താരങ്ങൾ ആടി തിമിർത്തത്, നിമിഷ നേരം കൊണ്ട് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു, ഒട്ടു മിക്ക ഐ.പി.എൽ ടീമുകളും ഈ വീഡിയോ അവരുടെ ഔദ്യോഗിക പേജുകളിൽ പങ്ക് വെക്കുകയും ചെയ്തു.
Written By: അഖിൽ. വി.പി. വള്ളിക്കാട്