Categories
Cricket Latest News

എന്തു കൊണ്ട് വിരാട് കോഹ്ലി പരിശീലന മത്സരം കളിച്ചില്ല എന്ന് റിപ്പോർട്ടർ , തഗ് മറുപടി നൽകി അശ്വിൻ

ഈ മാസം അവസാനം നടക്കാൻ പോകുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ടീം ഇന്ത്യ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ രണ്ടാഴ്ച മുന്നേ തന്നെ ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയൻ മണ്ണിലെത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആണ് ഇന്ത്യയുടെ ശ്രമം. യുഎഇയിൽവെച്ച് നടന്ന കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്തായിരുന്നു.

പെർത്തിലെ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ(WACA) സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ പരിശീലന സെഷൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. അവിടത്തെ പ്രാദേശിക ടീമായ വെസ്റ്റേൺ ഓസ്ട്രേലിയ ഇലവനുമായി രണ്ട് പരിശീലന മത്സരങ്ങളും തീരുമാനിച്ചിരുന്നു. അതിലെ ആദ്യ ട്വന്റി ട്വന്റി മത്സരം തിങ്കളാഴ്ച നടന്നു.

ടീം ഇന്ത്യ 13 റൺസിന് മത്സരത്തിൽ വിജയിക്കുകയുണ്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ഇലവൻ നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് മികച്ചുനിന്നു. പാണ്ഡ്യ 27 റൺസും ദീപക് ഹൂഡ 22 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയൻ ഇലവന്റെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ അവസാനിച്ചു.

ഇന്ത്യക്കായി ഇടംകൈയ്യൻ പേസർ അർഷദീപ് സിംഗ് മൂന്ന് ഓവറിൽ ഒരു മയ്ഡൻ അടക്കം വെറും 6 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം നേടി ഭുവനേശ്വർ കുമാറും സ്പിന്നർ ചഹലും മികച്ച പിന്തുണ നൽകി. മത്സരത്തിൽ സൂപ്പർ താരം വിരാട് കോഹ്‌ലി, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവർ കളത്തിൽ ഇറങ്ങിയിരുന്നില്ല.

ഇതിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ മത്സരശേഷം ചോദിച്ചപ്പോൾ അശ്വിൻ നല്ല കലക്കൻ മറുപടി നൽകിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് സൂപ്പർ താരം വിരാട് കോഹ്‌ലി അന്ന് കളിക്കാതെ ഇരുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

എന്നെങ്കിലും ഒരിക്കൽ ഞാൻ രാഹുൽ ദ്രാവിഡ് ഇരിക്കുന്ന സ്ഥാനത്ത് എത്തുകയാണെങ്കിൽ ഒരുപക്ഷെ എനിക്ക് ഇതിനുളള മറുപടി നൽകാൻ സാധിക്കും. എന്നാൽ ഇപ്പോഴുള്ള അവസ്ഥവെച്ച് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്ന കാര്യങ്ങളാണ് എനിക്കും ഊഹിക്കാൻ കഴിയുന്നതെന്നും അശ്വിൻ വ്യക്തമാക്കി. മത്സരത്തിൽ അശ്വിൻ പോലും ഇറങ്ങിയിരുന്നില്ല, എന്നിട്ടാണ് അദ്ദേഹത്തോട് തന്നെ വെറുതെ ആ മാധ്യമപ്രവർത്തകൻ കോഹ്‌ലിയെകുറിച്ച് ചോദിക്കാൻ പോയത്.

ഇനി നടക്കാൻ പോകുന്ന രണ്ടാമത്തെ പരിശീലന മത്സരത്തിൽ ഇവരൊക്കെ ടീമിൽ എത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിനു ശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് രണ്ട് സന്നാഹമത്സരം ഇന്ത്യ കളിക്കും. ഒക്ടോബർ 17ന് ഓസ്ട്രേലിയയുമായും 19ന് ന്യൂസിലണ്ടുമായും. ഒക്ടോബർ 23ന് പാകിസ്ഥാന് എതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *