ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. 8.3 ഓവറിൽ വെറും 49 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 5 മുൻനിര വിക്കറ്റുകൾ നഷ്ടമായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിടിയുടെ ബോളിംഗാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ പന്തേറിയാൻ എത്തിയ അദ്ദേഹം തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ഇന്ത്യൻ ഓപ്പണർമാരെയും മടക്കി.
ഏഴാം ഓവറിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഓവറിലെ ആദ്യ രണ്ട് പന്തുകളിലും കോഹ്‌ലി തുടരെ ബൗണ്ടറി കണ്ടെത്തിയിരുന്നു. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോൾ ആക്കിയ ശേഷമായിരുന്നു അഞ്ചാം പന്തിൽ വിക്കറ്റ്. ഷോർട്ട് ബോളിൽ കോഹ്‌ലി പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടോപ് എഡ്ജ് ആയിപ്പോയ പന്ത് ലോംഗ് ലെഗിലെക്ക് സിക്സ് ആകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഒരു മികച്ച റണ്ണിംഗ് ക്യാച്ചിലൂടെ കഗിസോ റബാദ ഇന്ത്യൻ പ്രതീക്ഷകൾ തല്ലിക്കെടുത്തി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. സ്പിന്നർ അക്സർ പട്ടേലിന് പകരം ഓൾറൗണ്ടർ ദീപക് ഹൂഡ ആദ്യമായി ടീമിൽ ഇടംനേടി. പാക്കിസ്ഥാനും നെതെർലൻഡ്‌സിനും എതിരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ ഒരേ ടീമിനെയാണ് കളിപ്പിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയാകട്ടേ സ്പിന്നർ ഷംസിക്കുപകരം പേസർ ലുങ്കി എൻഗിടിയെ ടീമിലുൾപ്പെടുത്തി.
ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. മറുവശത്ത് ദക്ഷിണാഫ്രിക്ക ഒരു മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയപ്പൊൾ സിംബാബ്‌വെക്ക് എതിരെ നടന്ന മത്സരം മഴമൂലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മൂന്ന് പോയിന്റുമായി പട്ടികയിൽ മൂന്നാമതാണ് അവർ. ഇന്ന് ജയിക്കുന്ന ടീം ഒന്നാം സ്ഥാനം നേടും. പെർത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.