ട്വന്റി ട്വന്റി ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ താരതമ്യേന ചെറിയ ടോട്ടൽ പ്രതിരോധിക്കുന്ന ടീം ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇടംകയ്യൻ പേസർ അർഷദീപ് സിംഗ് നൽകിയിരിക്കുന്നത്. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ ആണ് അദ്ദേഹം എടുത്തിരിക്കുന്നത്. ആദ്യ പന്തിൽ അപകടകാരിയായ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റെൺ ഡീ കോക്കിനേ, സിംഗ് രണ്ടാം സ്ലിപ്പിൽ രാഹുലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
മൂന്നാം പന്തിൽ റിലി റൂസോയെയും വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകിയിരിക്കുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടി മികച്ച ഫോമിൽ ആയിരുന്നു റൂസ്സോ. നായകൻ രോഹിത് ശർമയുടെ തീരുമാനമാണ് ഈ വിക്കറ്റ് ലഭിക്കാൻ കാരണമായത്. ആദ്യം അമ്പയർ നോട്ട് ഔട്ട് വിളിക്കുകയായിരുന്നു. ഇൻസ്വിങ്ങർ പന്ത് ലെഗ് സ്റ്റമ്പിൽ കൊള്ളാതെ പോകും എന്നാണ് അർഷദീപും കരുതിയത്. എങ്കിലും രോഹിത് റിവ്യൂ നൽകുകയും അത് ഔട്ട് ആണെന്ന് തെളിയുകയും ചെയ്തു.
വീഡിയോ :
നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടിവന്നത്. 8.3 ഓവറിൽ വെറും 49 റൺസ് എടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്ക് സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് പൊരുതാവുന്ന ടോട്ടൽ നേടാൻ സഹായിച്ചത്. 40 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 68 റൺസ് നേടിയ സൂര്യയുടെ മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എൻഗിടി നാല് വിക്കറ്റും വൈൻ പാർണെൽ മൂന്ന് വിക്കറ്റും വീഴ്ത്തി.