ഇന്നലെ ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്ക സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ട്വന്റി ട്വന്റി ലോകകപ്പിന്റെ സെമിഫൈനൽ ബർത്തിലേക്ക് ഒരു കാലെടുത്ത് വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇനി ബാക്കിയുള്ള മത്സരങ്ങളിൽ ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ ടീമുകളെ നേരിടാൻ പോകുന്ന ഇന്ത്യയ്ക്കും സെമിഫൈനലിൽ എത്താനുള്ള അവസരമുണ്ട്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ അവർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർദ്ധസെഞ്ചുറി നേടിയ എയ്ഡെൻ മാർക്രത്തിന്‍റെയും ഡേവിഡ് മില്ലറിന്റെയും ഇന്നിങ്സുകളാണ് അവർക്ക് അനായാസജയം സമ്മാനിച്ചത്. ക്യാച്ചുകൾ കൈവിട്ടും റൺഔട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയും ഇന്ത്യൻ താരങ്ങൾ കൈയയച്ച് സഹായിച്ചതോടെ വലിയ സമ്മർദ്ദമില്ലാതെതന്നെ അവർക്ക് വിജയിക്കാൻ സാധിച്ചു.
മത്സരത്തിനിടെ തേർഡ് അമ്പയറുടെ ഒരു തീരുമാനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ അനിഷ്ടം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ പേസർ മുഹമ്മദ് ഷമി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ ആയിരുന്നു സംഭവം. ഒരു മികച്ച ഇൻ-നിപ്പർ പന്തിലൂടെ ഡേവിഡ് മില്ലറിന്റെ പ്രതിരോധം ഭേദിച്ച് വിക്കറ്റിന് മുന്നിൽ കുരുക്കി അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ടൗട്ടുവിളിച്ചു. ഇന്ത്യ റിവ്യൂ നൽകുകയും ചെയ്തു.
പക്ഷേ പന്ത് ബാറ്റിനെ കടന്നുപോകുന്ന സമയത്തു അൾട്രാഎഡ്ജിൽ വളരെ നേർത്ത ഒരു ചലനം കണ്ടതോടെ അത് പാഡിലേക്ക് ഇൻസൈഡ് എഡ്ജ് ആണെന്ന് തേർഡ് അമ്പയർ വിധിക്കുകയും ഇന്ത്യക്ക് ഒരു റിവ്യൂ നഷ്ടമാകുകയും ചെയ്തു. അപ്പോഴാണ് അമ്പയറുടെ തീരുമാനത്തിൽ ഇരുകൈകളും മലർത്തി നായകൻ രോഹിത് പ്രതിഷേധം അറിയിച്ചത്. ശേഷം ഡേവിഡ് മില്ലർ അവസാനംവരെ നിന്ന് ഒരു അർദ്ധസെഞ്ചുറിയും നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
വീഡിയോ കാണാം :
നേരത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. സ്പിന്നർ ഷാംസിക്ക് പകരം ടീമിൽ എത്തിയ പേസർ ലുങ്കിസാനി എൻഗിഡിയാണ് കൂടുതൽ അപകടകാരിയായത്. കളിയിലെ തന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ രോഹിതിനെയും രാഹുലിനെയും പുറത്താക്കിയ അദ്ദേഹം അടുത്ത ഓവറിൽ കോഹ്‌ലിയെയും അതുകഴിഞ്ഞുള്ള ഓവറിൽ പാണ്ഡ്യയെയും പുറത്താക്കി ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. എങ്കിലും ഒറ്റക്കുനിന്ന് പൊരുതിയ സൂര്യകുമാർ യാദവ് 68 റൺസ് എടുത്തു പുറത്തായി, ഇന്ത്യൻ ടോട്ടൽ 133/9 എന്ന നിലയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മൂന്ന് വിക്കറ്റ് നേടിയ വെയിൻ പാർനൽ എൻഗിഡിക്ക് മികച്ച പിന്തുണ നൽകി.