ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. മഴ നിയമപ്രകാരം 33 റൺസിനായിരുന്നു അവരുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 9 ഓവറിൽ 69/4 എന്ന നിലയിൽ നിൽക്കെ മഴയെത്തി. പിന്നീട് വിജയലക്ഷ്യം 14 ഓവറിൽ 142 റൺസായി പുനർ നിർണയിച്ചെങ്കിലും അവർക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
പാകിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി 3 വിക്കറ്റും ഷദാബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധ സെഞ്ചുറി നേടിയ ഷദാബ് ഖാന്റെയും ഇഫ്ത്തിക്കർ അഹമ്മദിന്റെയും 28 റൺസ് വീതം എടുത്ത ഹാരിസിന്റെയും നവാസിന്റെയും മികവിലാണ് ടോപ് ഓർഡർ തകർച്ചയിലും മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞത്. ഓൾറൗണ്ട് പ്രകടനത്തോടെ ഷദാബ് ഖാൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ മുഹമ്മദ് നവാസ് പുറത്തായത് ഒരു അശ്രദ്ധമായ കാരണത്താൽ ആയിരുന്നു.
7 ഓവറിൽ 43/4 എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ 21 പന്തിൽ 28 റൺസ് എടുത്തിരുന്ന നവാസും 18 റൺസ് എടുത്തുനിന്നിരുന്ന ഇഫ്ത്തിക്കർ അഹമ്മദും ചേർന്ന് ഉയർത്തിക്കൊണ്ടുവരുന്നതിനിടെയാണ് നവാസിന്റെ അശ്രദ്ധമൂലം ഇത് സംഭവിച്ചത്. ടാബ്രൈസ് ഷംസി എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ സ്ലോഗ് സ്വീപ്പ് കളിച്ച് സിക്സ് നേടിയ നവാസ് അവസാന പന്തിലും അതേ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു.
എന്നാൽ റീപ്ലേകളിൽ വ്യക്തമായി പന്ത് അദ്ദേഹത്തിന്റെ ബാറ്റിൽ കൊണ്ട ശേഷമാണ് പാഡിൽ കൊണ്ടതെന്ന്. അന്നേരം പന്ത് ഷോർട്ട് ഫൈൻ ലെഗിലെക്ക് പോയപ്പോൾ നവാസ് ഒരു സിംഗിൾ ഓടാൻ ശ്രമിച്ചിരുന്നു. നോൺ സ്ട്രൈക്കർ ഇഫ്തിക്കർ അത് വിലക്കിയതോടെ തിരിച്ച് ക്രീസിലേക്ക് മടങ്ങാൻ നവാസ് തുടങ്ങുമ്പോഴേക്കും ലുങ്കി എൻഗിഡിയുടെ ഡയറക്ട് ത്രോയിൽ സ്റ്റമ്പ് ഇളകി.
അങ്ങനെ സംഭവിക്കുന്നതിന് മുന്നേ തന്നെ ഷംസിയുടെ എൽബിഡബ്ല്യൂ അപ്പീലിൽ അമ്പയർ വിരൽ ഉയർത്തിയിരുന്നു. താൻ റൺഔട്ട് ആയെന്ന് കരുതിയ നവാസ് റിവ്യൂ കൊടുക്കാൻ നിൽക്കാതെ പെട്ടെന്ന് അവിടെനിന്ന് മടങ്ങി. അങ്ങനെ റിവ്യൂ നൽകിയിരുന്നു എങ്കിൽ ഇൻസൈഡ് എഡ്ജ് ആയതുകൊണ്ട് തേർഡ് അമ്പയർ നോട്ട് ഔട്ട് വിളിക്കുകയും ഫീൽഡ് അമ്പയർ ക്രിസ് ഗഫാനിക്ക് തന്റെ തീരുമാനം തിരുത്തേണ്ടതായും വന്നേനെ.
കാരണം, ഐസിസി നിയമം 20.1.1.3 പ്രകാരം ഒരു ബാറ്റർ പുറത്തായാൽ അതേ നിമിഷം മുതൽക്കേ പന്ത് ഡെഡ് ബോൾ ആയി കണക്കാക്കാം. ഇവിടെ നവാസ് റൺഔട്ട് ആയത് നിയമപ്രകാരം സാധുവല്ല. കാരണം അമ്പയർ എൽബിഡബ്ല്യൂ വിക്കറ്റ് അനുവദിച്ച നിമിഷം മുതൽ പന്ത് ഡെഡ് ബോൾ ആണ്. നവാസ് അവിടെ എൽബിഡബ്ല്യൂവിന് റിവ്യൂ നൽകിയിരുന്നുവെങ്കിൽ ക്രീസിൽ തുടർന്ന് കളിച്ചേനെയെന്ന് സാരം.