Categories
Cricket

എന്തുകൊണ്ട് ഇന്ത്യയ്ക്കും വിരാട് കോഹ്‌ലിക്കും എതിരെ ‘വ്യാജ ഫീൽഡിങ്ങിൽ നടപടി എടുത്തില്ല ? കാരണം തുറന്നു പറഞ്ഞു ഹർഷ ബോഗ്ല

ബുധനാഴ്ച നടന്ന ട്വന്റി ട്വന്റി ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ മഴനിയമപ്രകാരം 5 റൺസിന് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് അവസാന പന്ത് വരെ പൊരുതിനോക്കിയെങ്കിലും വിജയം അകന്നുനിന്നു. എപ്പോഴത്തെയുംപോലെ ഈ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനുശേഷവും വിവാദങ്ങൾക്ക് ഒട്ടും കുറവില്ല. മത്സരത്തിൽ ‘വ്യാജ ഫീൽഡിംഗ്’ കാണിച്ച ഇന്ത്യൻ താരം വിരാട് കോഹ്‌ലിക്കെതിരെ അമ്പയർമാർ തങ്ങൾക്ക് അനുകൂലമായി 5 പെനൽറ്റി റൺസ് നൽകിയില്ല എന്ന ആരോപണവുമായി ബംഗ്ലാ താരം നൂറുൽ ഹസൻ രംഗത്തെത്തിയിരുന്നു.

മത്സരത്തിൽ അക്ഷർ പട്ടേൽ എറിഞ്ഞ ഏഴാം ഓവറിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ലീട്ടൻ ദാസ് ഡീപ് ഓഫ് സൈഡിലേക്ക് കളിച്ചപ്പോൾ പന്തെടുത്ത അർഷദീപ് സിംഗ് ത്രോ എറിഞ്ഞത്, പോയിന്റിൽ നിൽക്കുകയായിരുന്ന കോഹ്‌ലിയുടെ സമീപത്ത് കൂടി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കയ്യിലേക്ക് എത്തി. തന്റെ സമീപത്തുകൂടി പന്ത് പോയ സമയം കോഹ്‌ലി ഒന്ന് വെട്ടിത്തിരിഞ്ഞ് നോൺസ്ട്രൈക്കർ എൻഡിലേക്ക് പന്ത് എറിയുന്ന ആക്ഷൻ കാണിച്ചിരുന്നു. ഇതാണ് അവർ ഉന്നയിക്കുന്ന ആരോപണം.

എന്നാലിപ്പോൾ അതിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് പ്രശസ്ത ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെ ട്വിറ്ററിൽ തന്റെ നിരീക്ഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിലെ സത്യാവസ്ഥ എന്തെന്നാൽ ഇത് ആരും കണ്ടിട്ടുണ്ടായിരുന്നില്ല എന്നതുതന്നെയാണ്. അമ്പയർമാർ കണ്ടില്ല, ക്രീസിൽ ഉണ്ടായിരുന്ന രണ്ട് ബംഗ്ലാ താരങ്ങളും കണ്ടില്ല, എന്തിനേറെ പറയുന്നു ഈ ഞങ്ങൾ പോലും കണ്ടിരുന്നില്ല എന്നാണ് ഹർഷ പറയുന്നത്.

ക്രിക്കറ്റ് നിയമം ആർട്ടിക്കിൾ 41.5 പ്രകാരം ‘ഫെയ്ക്ക്‌ ഫീൽഡിംഗിന്’ 5 റൺസ് പെനൽറ്റി അനുവദിക്കാം എന്നത് ശരിതന്നെ. പക്ഷേ അത് അമ്പയർമാർ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട് എങ്കിൽ മാത്രമേ നൽകാൻ കഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ മത്സരം കഴിഞ്ഞ ശേഷം ഓരോ കാര്യങ്ങളിൽ ആരോപണം ഉന്നയിച്ചത് കൊണ്ട് കാര്യമില്ലെന്നും ഹർഷ ഭോഗ്ലേ വ്യക്തമാക്കി.

തന്റെ ട്വീറ്റിൽ ബംഗ്ലാ ആരാധകർക്ക് ഒരു ഉപദേശവും അദ്ദേഹം നൽകുന്നുണ്ട്. ഇങ്ങനെ ഓരോ ഒഴിവുകഴിവുകൾ കണ്ടെത്തിപിടിച്ച് ആരോപണം ഉന്നയിച്ചതുകൊണ്ട് ടീമിന്റെ വളർച്ചയാണ് നിങ്ങൾ മുരടിപ്പിക്കുന്നത്. ഫൈക്ക് ഫീൽഡിംഗ് നടത്തിയെന്നും ഗ്രൗണ്ട് നനഞ്ഞതായിരുന്നുവെന്നും പറയുന്നതിന് പകരം തങ്ങളുടെ ടീമിൽ ആരെങ്കിലും ഒന്ന് ഉത്തരവാദിത്വത്തോടെ അവസാനം വരെ നിന്നിരുന്നെങ്കിൽ അവർക്ക് ആരെയും പരാതി പറയാതെ മത്സരം ജയിക്കാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *