ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ അയർലൻഡിനെ നേരിടുന്ന ന്യൂസിലൻഡ് ടീമിന് മികച്ച ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് കണ്ടെത്തി. ടൂർണമെന്റിൽ ആദ്യമായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ അവരുടെ നായകൻ വില്യംസൺ 35 പന്തിൽ 61 റൺസ് നേടി ടോപ് സ്കോററായി. ഓപ്പണർ ഫിൻ അലൻ 32 റൺസും ഫീനിഷർ ദാരിൽ മിച്ചൽ 31 റൺസും എടുത്തു മികച്ച പിന്തുണ നൽകി.
അതിനിടെ മത്സരത്തിൽ അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഇത്തവണത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് നേട്ടം കൈവരിച്ചു. നേരത്തെ യുഎഇ സ്പിന്നറായ കാർത്തിക് മെയ്യപ്പൻ യോഗ്യത ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക് നേടിയിരുന്നു. അതുകൊണ്ടുതന്നെ സൂപ്പർ 12 ഘട്ടത്തിലെ ആദ്യ ഹാട്രിക്ക് നേട്ടമാണ് ലിറ്റിൽ കൈവരിച്ചത്.
ന്യൂസിലൻഡ് ഇന്നിങ്സിലെ പത്തൊമ്പതാം ഓവറിൽ ആയിരുന്നു നേട്ടം. രണ്ടാം പന്തിൽ ടോപ് സ്കോറർ നായകൻ കൈൻ വില്യംസനെ ഡീപ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ ഡിലാനിയുടെ കൈകളിൽ എത്തിച്ച ലിറ്റിൽ തൊട്ടടുത്ത രണ്ട് പന്തുകളിൽ ജെയിംസ് നീഷമിനെയും മിച്ചൽ സന്റ്‌നറെയും വിക്കറ്റിന് മുന്നിൽ കുരുക്കി തന്റെ ഹാട്രിക് തികച്ചു. ഇരു താരങ്ങളും റിവ്യൂ നൽകിയെങ്കിലും അത് നേരെ വിക്കറ്റിൽ തന്നെ കൊള്ളുമായിരുന്നുവെന്ന് തെളിഞ്ഞു. മത്സരത്തിൽ 4-0-22-3 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ബോളിങ് സ്റ്റാറ്റസ്. കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലും ഒരു അയർലൻഡ് പേസർ ഹാട്രിക് നേടിയിരുന്നു. ഓൾറൗണ്ടർ കുർട്ടിസ് കാംഫർ അന്ന് തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റാണ് വീഴ്ത്തിയിരുന്നത്.
വീഡിയോ :